മുസാഫര്‍നഗര്‍: മന്ത്‌വാഡയിലെ ആഘോഷങ്ങള്‍ അവസാനിച്ചിട്ടില്ല. ബൈത്ത്‌റഹ്മ നാടിനു സമര്‍പ്പിച്ചിട്ട് നാളുകള്‍ പിന്നിട്ടെങ്കിലും തലചായ്ക്കാനൊരിടമെന്ന തങ്ങളുടെ ചിരകാല സ്വപ്‌നങ്ങളിലൊന്ന് പൂര്‍ത്തിയായതിന്റെ ആഹഌദം ഗ്രാമീണരില്‍ കാണാം. പ്രതിസന്ധികള്‍ പെയ്തിറങ്ങിയ കലാപനാളുകളില്‍ ബന്ധു വീടുകളിലേക്കും സര്‍ക്കാര്‍ ക്യാമ്പുകളിലേക്കും അഭയാര്‍ത്ഥികളാക്കപെട്ടവരാണിവര്‍. വര്‍ഷങ്ങള്‍ക്കിപ്പുറവും ജീവിത താളം വീണ്ടെടുക്കാന്‍ അവര്‍ വിധിയോടു പൊരുതുന്നതിന്റെ നേര്‍ചിത്രമാണ് ശിഹാബ് തങ്ങള്‍ വില്ലേജില്‍ കാണാനാവുന്നത്്. സ്വസ്ഥ ജീവിതത്തിന്റെ നല്ല ഇന്നലകളെ തിരിച്ചുപിടിക്കാനുള്ള ജീവല്‍സമരത്തിലാണിവര്‍. ബാഗ്പത്ത് ജില്ലയിലേ ബിജ്‌റോളില്‍ നിന്നു മുസാഫര്‍ നഗറിലേ മന്ത്‌വാഡയിലേക്ക്്് രാക്കുരാമാനം പാലായനം ചെയ്യുമ്പോള്‍ ഇനിയൊരു ജീവിതം സാധ്യമാണെന്ന് താന്‍ നിനച്ചിരുന്നില്ലെന്ന് ബാര്‍ബറായ ജുള്‍ഫുക്കര്‍ ഷെയ്ഖ് പറയുന്നു. അന്ന് ഏല്ലാം നഷ്ടപ്പെട്ട ജുള്‍ഫുക്കര്‍ ഇന്ന് സീതിസാഹിബ് ബ്ലോക്കിലേ 25 ാം വീട്ടിലെ അന്തേവാസിയാണ്. സന്തോഷത്തിന്റെ നാളുകളുടെ വരവറിയിച്ച്് ജുള്‍ഫുക്കര്‍ ഷെയ്ഖിന്റെയും ശഹനാസ് ബാനുവിന്റെയും വീട്ടില്‍ കല്ല്യാണ വിശേഷം കൂടി വിരുന്നെത്തിയിരിക്കുന്നു. മകന്‍ ഗുല്‍സാറിനെയും വധു ഷാഇസ്തയേയും കൂട്ടിയിണക്കി ശിഹാബ് തങ്ങള്‍ ബൈത്തു റഹ്മ കല്യാണ വീടായത്തീര്‍ന്നിരിക്കുന്നു. ആര്‍ഭാടങ്ങളോ അമിതവ്യയങ്ങളോ ഇല്ലാതെ വധുവിന്റെ വീട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കും പലഹാര സല്‍ക്കാരമൊരുക്കി മനേരഹമായൊരു കല്ല്യാണം. ഒരു വര്‍ഷം മുന്‍പ് നിക്കാഹ് കഴിഞ്ഞതാണങ്കിലും കേറിക്കിടക്കാനൊരു കൂരയില്ലാതെ എട്ടംഗ കുടുംബത്തില്‍ നവവധുവിനെയെങ്ങനെ സ്വീകരിക്കുമെന്ന ആശങ്കക്ക് വിരാമമായാണ് മുസ്ലിം ലീഗ് ബൈത്തുറഹ്മ ഗുണഭോക്താക്കളില്‍ ജുള്‍ഫുക്കാറിന്റെയും കുടുംബത്തിന്റെയും പേരു വന്നത്. ദിവസങ്ങളെണ്ണികാത്തിരുന്ന കുടുംബം സയ്യിദ് ഹൈദരലി തങ്ങള്‍ വീടുകള്‍ അതിന്റെ അവകാശികള്‍ക്ക് കൈമാറിയതിന്റെ തൊട്ടുപിന്നാലെ കല്ല്യാണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. മുസാഫര്‍നഗറിലെ മന്ത്‌വാഡ തടാകക്കരയില്‍ ശിഹാബ് തങ്ങള്‍ ബൈത്തുറഹ്മ ഗ്രാമം വരണമാല്യമണിഞ്ഞ് സന്തോഷം വിതറി നില്‍ക്കുന്നു.