ധാക്ക: മ്യാന്മര്‍ സേന മുസ്്‌ലിം വേട്ട തുടങ്ങുന്നതിന് ഒരാഴ്ച മുമ്പായിരുന്നു അവരുടെ വിവാഹം. മാതാപിതാക്കളെ പട്ടാളക്കാര്‍ വെടിവെച്ചു കൊലപ്പെടുത്തിയതും സഹോദരങ്ങളെ തട്ടിക്കൊണ്ടുപോയതും അവള്‍ അറിഞ്ഞിരുന്നു. ഭര്‍തൃഗൃഹത്തില്‍ ഉറങ്ങാന്‍ കിടന്ന ആ രാത്രി ആരോ വാതിലില്‍ മുട്ടുന്നതുകേണ്ട് അവര്‍ ഞെട്ടിയുണര്‍ന്നു. വീടിനു പുറത്ത് തോക്കുമായി മ്യാന്മര്‍ പട്ടാളക്കാര്‍. അവര്‍ക്ക് വേണ്ടത് അവളെയായിരുന്നു. ഭര്‍ത്താവിനെ കയറുകൊണ്ട് കെട്ടിയിട്ട ശേഷം അവര്‍ അവളുടെ വായില്‍ തുണി കുത്തിതിരുകി. അഞ്ചുപേര്‍ ചേര്‍ന്ന് അവളെ തറയില്‍ ബലമായി പിടിച്ചുകിടത്തി ബലാത്സംഗം ചെയ്തു. ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ച അവളെ വടിയെടുത്ത് അടിച്ചു. അലറിക്കരഞ്ഞ ഭര്‍ത്താവിന്റെ നെഞ്ചിലേക്ക് ഒരു സൈനികന്‍ വെടിയുതിര്‍ത്തു. മറ്റൊരാള്‍ അദ്ദേഹത്തെിന്റെ കഴുത്തറുത്തു. ബലാത്സംഗത്തിനുശേഷം അവര്‍ അവളെ പുറത്തേക്ക് വലിച്ചെറിഞ്ഞ് മുളകൊണ്ടുള്ള വീടിന് തീവെച്ചു. രണ്ടു മാസത്തിനുശേഷം അവള്‍ തിരിച്ചറിഞ്ഞു താന്‍ ഗര്‍ഭിണിയാണെന്ന്. അസോസിയേറ്റഡ് പ്രസിന്റെ അന്വേഷണ സംഘത്തോട് റോഹിന്‍ഗ്യ മുസ്്‌ലിം സ്ത്രീകള്‍ നല്‍കിയ വിവരങ്ങളില്‍ ഒന്നുമാത്രമാണിത്. മുന്‍കൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമാണ് ബലാത്സംഗങ്ങള്‍ നടന്നതെന്ന് അസോസിയേറ്റഡ് പ്രസ് തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന 29 റോഹിന്‍ഗ്യന്‍ മുസ്്‌ലിം സ്ത്രീകള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് നല്‍കിയത്. മുസ്്‌ലിംകള്‍ക്കിടയില്‍ ഭീതി വിതക്കുന്നതിനുള്ള ഭീകര ഉപകരണമായാണ് മ്യാന്മര്‍ സേന ബലാത്സംഗത്തെ കണ്ടതെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. മാതാപിതാക്കളുടെ കണ്‍മുന്നില്‍ കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷമാണ് സ്ത്രീകളെ ബലാത്സംഗം ചെയ്തത്. ഭീകരമായ പീഡനങ്ങള്‍ക്കൊടുവില്‍ അവശരായ അവര്‍ ദിവസങ്ങളോളം കാട്ടിലൂടെ നടന്നാണ് ബംഗ്ലാദേശിലെത്തിയത്. ലോകത്ത് ഉറ്റവരെന്ന് പറയാന്‍ ആ സ്ത്രീകള്‍ക്ക് ഇനി ആരുമില്ല. മാതാപിതാക്കളെയും സഹോദരങ്ങളെയും ഭര്‍ത്താക്കന്മാരെയും മക്കളെയും മ്യാന്മര്‍ സേന കൂട്ടക്കൊല ചെയ്യുകയായിരുന്നു. പതിമൂന്നിനും മുപ്പത്തഞ്ചിനുമിടക്ക് പ്രായമുള്ള സ്ത്രീകള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഐക്യരാഷ്ട്രസഭ വംശഹത്യയെന്ന് വിശേഷിപ്പിച്ച സൈനിക നടപടിയില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ആറു ലക്ഷത്തിലേറെ പേര്‍ അഭയാര്‍ത്ഥികളാവുകയും ചെയ്തു. ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നരകയാതന അനുഭവിക്കുകയാണ് റോഹിന്‍ഗ്യ മുസ്്‌ലിംകളിപ്പോള്‍. ഇവരെ ഏറ്റെടുക്കാമെന്ന് മ്യാന്മര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിന് നടപടികളായിട്ടില്ല.