യാങ്കൂണ്‍: മ്യാന്മറിലെ ബുദ്ധഭീകര പ്രസ്ഥാനമായ മാ ബാ താ പേരുമാറ്റി. മുസ്്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുകയും കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന ബുദ്ധ പുരോഹിത കൂട്ടായ്മയെ മ്യാന്മര്‍ ഭരണകൂടം നിരോധിച്ചിരുന്നു.
ഇതില്‍നിന്ന് രക്ഷപ്പെടാനാണ് സംഘടനയുടെ പേര് മാറ്റിയിരിക്കുന്നത്. രാഷ്ട്രീയത്തിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് സംഘടനയുടെ ഭാരവാഹികള്‍ പറയുന്നു. ബുദ്ധ ധര്‍മ്മ ഫിലാന്ത്രെപ്പി ഫൗണ്ടേഷന്‍ എന്നാണ് പുതിയ പേര്. വംശവും മതവും സംരക്ഷിക്കുന്നതിനുള്ള അസോസിയേഷന്‍ എന്നതിന്റെ ചുരുക്കമാണ് പഴയ സംഘടനയായ മാ ബാ താ.
കടുത്ത മുസ്്‌ലിം വിരോധിയും ഭീകരവാദിയുമായ അശ്വിന്‍ വിരാദു അടക്കം രണ്ടായിരത്തോളം പേര്‍ പങ്കെടുത്ത സമ്മേളനത്തിലാണ് പുതിയ സംഘടനയുടെ പേര് പ്രഖ്യാപിച്ചത്.