സ്വന്തം ലേഖകന്‍
കണ്ണൂര്‍

ഇടത് ഭരണത്തില്‍ മതപണ്ഡിതര്‍ക്ക് നന്മ ഉപദേശിക്കാന്‍ പോലും പറ്റാതായെന്ന് മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. വസ്ത്രധാരണത്തെ കുറിച്ച് പറഞ്ഞതിനാണ് പൊലീസ് കേസെടുത്തത്. മത പണ്ഡിതര്‍ക്ക് അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനാകാത്ത സ്ഥിതിയാണ്. വായ തുറന്നാല്‍ പൊലീസ് കേസ് എന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കണ്ണൂരില്‍ മുസ്്‌ലിം യൂത്ത്‌ലീഗ് യുവജനയാത്ര പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആവിഷ്‌കാര സ്വാതന്ത്യം ചര്‍ച്ച ചെയ്യുന്ന കാലത്താണ് മതപണ്ഡിതരുടെ വായടപ്പിക്കാന്‍ ശ്രമിക്കുന്നത്. ഭക്ഷണം കഴിക്കുന്നതിലും വസ്ത്രം ധരിക്കുന്നതിലും ഓരോരുത്തര്‍ക്കും അവരവരുടേതായ സ്വാതന്ത്ര്യമുണ്ട്. കേരളത്തെ ഉത്തരേന്ത്യയാക്കാനാണോ ശ്രമം. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നവര്‍ക്ക് എന്താണ് പറയാനുള്ളതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
റേഷന്‍ കടയ്ക്ക് പകരം ബാര്‍ എന്ന നയമാണ് സി.പി.എമ്മിനുള്ളത്. ഭരിക്കുന്നവര്‍ ഒരു കൂട്ടരും പൊരുതുന്നവര്‍ വേറൊരു കൂട്ടരുമെന്നതാണ് സ്ഥിതി. സി.പി.എമ്മിന്റെ ഈ നയം മാറണം. കേരളം വീണ്ടും ഭരിക്കാമെന്നാണ് സി.പി.എം കരുതുന്നത്. നയ സമീപനങ്ങള്‍ മാറാത്ത കാലത്തോളം തുടര്‍ ഭരണം ആഗ്രഹിക്കേണ്ടതില്ല. അക്രമം അവസാനിപ്പിച്ച് ഭരിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകണം. ജനങ്ങളുമായി ചര്‍ച്ച ചെയ്ത് വേണം വികസനം നടപ്പാക്കാന്‍. എക്‌സ്പ്രസ് ഹൈവെയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയവരാണ് ഇപ്പോള്‍ വികസനത്തെ കുറിച്ച് സംസാരിക്കുന്നത്. ത്രിപുരയില്‍ തോറ്റിട്ടും സി.പി.എം സമീപനം മാറിയിട്ടില്ല. ലെനിന്റെ പ്രതിമ പന്ത് തട്ടുന്നത് പോലെയാണ് തകര്‍ത്തത്. എന്നിട്ടും സി.പി.എം കോണ്‍ഗ്രസ് വിരോധം തുടരുകയാണ്. കോണ്‍ഗ്രസാണോ ബി.ജെ.പിയാണോ ശത്രുവെന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ് സി.പി.എമ്മെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.