തിരുവനന്തപുരം: കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തിനെ മാറ്റാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പ്രശാന്തിന് പകരം സംസ്ഥാന ടൂറിസം വകുപ്പ് ഡയറക്ടര്‍ യു.വി ജോസിനെ പുതിയ കലക്ടറായി നിയമിച്ചു. നിലവില്‍ ടൂറിസം വകുപ്പ് ഡയറക്ടറായ യു.വി ജോസ് നേരത്തെ കോട്ടയം കലക്ടറായും കെ.എസ്.യു.ഡി.പി പ്രൊജക്ട് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഓപ്പറേഷന്‍ സുലൈമാനി ഉള്‍പ്പെടെ ജനപങ്കാളിത്തത്തോടെയുള്ള നിരവധി കാരുണ്യ പദ്ധതികള്‍ നടപ്പാക്കിയതിന്റെ പേരില്‍ അദ്ദേഹം ജനപ്രിയനായി മാറിയിരുന്നു. ഓഫീഷ്യല്‍ പേജിലൂടെ പൊതുജനങ്ങളുമായി സംവദിക്കാന്‍ ശ്രമിച്ച അദ്ദേഹം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് എന്നും കാതോര്‍ത്തിരുന്നു. എം.കെ രാഘവന്‍ എംപിയുമായി ഉണ്ടായ വഴക്കും ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുമാണ് വിവാദങ്ങളിലേക്കെത്തിയത്. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എന്‍ പ്രശാന്ത് 2015 മെയിലാണ് കോഴിക്കോടിന്റെ കലക്ടറാകുന്നത്.