തിരുവനന്തപുരം: നബിദിനത്തിന് പൊതുഅവധി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്.ഇ.യു) മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. ഡിസംബര്‍ രണ്ടിന് നബിദിനത്തിന്റെ ഭാഗമായി പൊതു അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിറ കണ്ടത് അനുസരിച്ച് നബിദിനം ഡിസംബര്‍ ഒന്നാം തിയതി ആയിരിക്കുമെന്ന് സംസ്ഥാനത്തെ വിവിധ ഖാസിമാരും പണ്ഡിതന്മാരും പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ഒന്നാം തിയിതി അവധി നല്‍കണമെന്നാവശ്യപ്പെട്ട് എസ്.ഇ.യു നിവേദനം നല്‍കിയത്. എസ്.ഇ.യു സംസ്ഥാന പ്രസിഡന്റ് എ.എം അബൂബക്കര്‍, ജനറല്‍ സെക്രട്ടറി സിബി മുഹമ്മദ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പോത്തന്‍കോട് റാഫി എന്നിവരാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. ഇക്കാര്യത്തില്‍ അനുകൂലമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.