നജീബ് കാന്തപുരം

എം.ടിയുടെ സര്‍ഗ്ഗ പ്രപഞ്ചം എന്ന പുസ്തകത്തില്‍ എം.എന്‍ കാരശ്ശേരി നടത്തിയ മനോഹരമായ ഒരഭിമുഖമുണ്ട്. അതില്‍ എം.ടിയോട് കാരശ്ശേരി ചോദിക്കുന്നു. താങ്കളുടെ കഥാപാത്രങ്ങള്‍ക്ക് മുസ്ലിം പക്ഷപാതമുണ്ടെന്നും അവരെ മഹത്വവല്‍ക്കരിക്കുന്നുണ്ടെന്നും ഒരാക്ഷേപം ഈയിടെ ഉയരുന്നുണ്ടല്ലോ? എന്താണ് അതേക്കുറിച്ച് പറയാനുള്ളത്. എം.ടി ഇങ്ങനെയാണ് മറുപടി പറയുന്നത്.മുസ്ലിം സമുദായത്തിന്റെ സാമൂഹ്യ ജീവിതം അനുഭവത്തിലൂടെ പഠിച്ച ഒരാളാണ് ഞാന്‍. ഞങ്ങളുടെ ഗ്രാമത്തില്‍ 60 ശതമാനം ഹിന്ദുക്കളും 40 ശതമാനം മുസ്ലിംകളുമായിരുന്നു. സഹപാഠികളും സുഹൃത്തുക്കളുമായ മുസ്ലിംകളുടെ നന്മയും മഹത്വവും അനുഭവിച്ചറിഞ്ഞാണ് ഞാന്‍ ആസമുദായത്തെ അറിഞ്ഞത്. അവരുടെജീവിതവും നന്മയും ഞാന്‍ ആവിഷ്‌കരിച്ചതും അങ്ങിനെയാണ്.
കഥകളിലും നോവലുകളിലും സിനിമകളിലുമായി കൂടല്ലൂരിന്റെ കഥാകാരന്‍ സൃഷ്ടിച്ച മുസ്ലിം കഥാ പരിസരങ്ങളില്‍ നിന്ന് തന്നെ അദ്ധേഹത്തിന്റെ മനസില്‍ തിരയടിക്കുന്ന മുസ്ലിം പക്ഷ മനോഭാവം ആര്‍ക്കും മനസിലാക്കാമെന്നിരിക്കെ ഒരു പരിപാടിയില്‍ ക്ഷണിക്കാന്‍ ചെന്ന കുട്ടികളോട് എം.ടി സംസാരിച്ച ചില വാക്കുകള്‍ ആഘോഷിച്ച് അദ്ധേഹത്തെ വേട്ടപ്പട്ടികള്‍ക്ക് കടിച്ചു കീറാന്‍ എറിഞ്ഞ് കൊടുക്കുന്നത് ശുദ്ധ തെമ്മാടിത്തമാണ്. ഫാഷിസം സകല സാംസ്‌കാരിക പ്രവര്‍ത്തകരുടെയും വായ മൂടിക്കെട്ടുമ്പോഴും പ്രതിഷേധത്തിന്റെ കനലുകളൂതി എം.ടി പറഞ്ഞ വാക്കുകള്‍ എത്ര വേഗമാണ് ചില ഞരമ്പ് രോഗികള്‍ മറന്ന് പോകുന്നത്. നോട്ട് നിരോധനത്തിന്റെ രാഷ്ട്രീയത്തെ ഇത്ര നിശിതമായി വിമര്‍ശ്ശിച്ച മറ്റൊരു ലബ്ധപ്രതിഷ്ഠനായ എഴുത്തുകാരനും മലയാളത്തിലില്ല. എന്നിട്ടും എം.ടി മുസ്ലിം വിരുദ്ധനും വര്‍ഗ്ഗീയ വാദിയുമായി മാറുന്നതിന്റെ കാഴ്ച അല്‍ഭുതപ്പെടുത്തുകയാണ്. ഒരുപാട് രോഗ പീഡകളാല്‍ വേദന അനുഭവിക്കുകയും യാത്ര ചെയ്യാന്‍ പോലും കഴിയാതെ വീട്ടില്‍ തന്നെ പരമാവധി ഒതുങ്ങിക്കൂടുകയും ചെയ്യുന്ന എണ്‍പത് കഴിഞ്ഞ ഒരു മനുഷ്യന്റെ ചുണ്ടില്‍ നിന്ന് വഴുതി വീണ ചില വാക്കുകള്‍ പെറുക്കിയെടുത്ത് മുസ്ലിം വിരുദ്ധ പക്ഷത്തേക്ക് എറിഞ്ഞ് കൊടുക്കുമ്പോള്‍ എത്ര വേഗമാണ് നാം കഴിഞ്ഞതെല്ലാം മറന്ന് കളയുന്നത്. കോഴിക്കോട് ടൗണ്‍ ഹാളില്‍ മുസ്ലിം ലീഗ് സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ ചടങ്ങില്‍ എം.ടി നടത്തിയ അത്യുജ്ജ്വലമായ പ്രസംഗം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മായാതെ മനസിലുണ്ട്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം ഒറ്റപ്പെട്ട് പോയ സമുദായത്തിന്റെ കൂടെ ഇന്ത്യ നിലകൊണ്ട രംഗം അദ്ധേഹം അതി മനോഹരമായി വിവരിച്ചതും കൂടല്ലൂരിന്റെ ഖനികളില്‍ നിന്ന് കുഴിച്ചെടുത്ത മതേതര മനസിന്റെ മഹത്വം കൊണ്ട് തന്നെയാണ്.വളരെ ഒറ്റപ്പെട്ടതും നിസാരവുമായ ഇത്തരം സംഭവങ്ങള്‍ ആനക്കാര്യമായി എഴുന്നള്ളിച്ച മഹത്തായ പാരമ്പര്യങ്ങളുള്ള മനുഷ്യരെ ചെളിവാരിയെറിഞ്ഞാല്‍ അത് ചെയ്യുന്നവര്‍ മാത്രമെ നാണം കെടുകയുള്ളൂ. ഇത്ര സങ്കുചിതമായ മനസില്‍ നിന്ന് മുസ്ലിം സമുദായത്തിലെ സോഷ്യല്‍ മീഡിയ മുഫ്തിമാര്‍ പിന്മാറിയില്ലെങ്കില്‍ അവര്‍ക്ക് വേണ്ടി നാണം കെടേണ്ടി വരിക മുസ്ലിം സമൂഹം പൊതുവിലായിരിക്കും. വന്ന വഴി പലരും മറക്കുന്ന ഇക്കാലത്തും മലയാള സാഹിത്യത്തിന്റെ അതികായനായി ഇരിക്കുമ്പോഴും എം.ടി ചന്ദ്രികയെ സദാ ഓര്‍ക്കുന്നുവെന്നത് നാം മറക്കരുത്. ചന്ദ്രികക്ക് എം.ടി അലങ്കാരമായിരുന്നുവെന്ന് വിശ്വസിക്കുന്ന ഒരു മുസ്ലിം ലീഗുകാരനെന്ന നിലയില്‍ പറയട്ടെ, എം.ടിക്കൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്ന് ആവര്‍ത്തിച്ചു പറയാനാണ് ഈ എഴുത്ത്..