Connect with us

Video Stories

പ്രിയപ്പെട്ട രക്ഷിതാവേ…..അവളെ കേള്‍ക്കാന്‍ നിങ്ങളല്ലാതെ വേറെ ആരാണ്?

Published

on

‘അവനെന്താ ഒരു കുഴപ്പം. യാതൊരു ദുഃശീലവും ഇല്ല, കാണാന്‍ കൊള്ളാവുന്ന ചെറുപ്പക്കാരന്‍, വിദ്യാഭ്യാസമുണ്ട്, നല്ല ജോലിയും തരക്കേടില്ലാത്ത വരുമാനവും. നല്ല പെരുമാറ്റം…. നല്ല കുടുംബം..’

ഒരു പെണ്‍കുട്ടി വിവാഹം കഴിഞ്ഞ് ഏറെ നാളുകള്‍ കഴിയും മുമ്പ് തന്നെ തനിക്ക് പൊരുത്തപ്പെട്ടുപോകാന്‍ കഴിയാത്തൊരു ഭര്‍ത്താവിനെയാണ് ലഭിച്ചത് എന്ന് തിരിച്ചറിയുകയും, ഈ ദാമ്പത്യത്തില്‍ നിന്ന് വിടുതല്‍ നേടണം എന്ന് ആഗ്രഹിക്കുകയും ചെയ്താല്‍ ഏറ്റവും ഉറ്റവരില്‍ നിന്ന് പോലും ഉയരുന്ന ചോദ്യങ്ങള്‍ ഇതൊക്കെയാണ്.
സ്‌നേഹരാഹിത്യം, പ്രണയമില്ലായ്മ, അമിതാധികാരവാഞ്ച, ലൈംഗികവൈകൃതങ്ങള്‍, … തുടങ്ങിയ കാരണങ്ങള്‍ ഒന്നും വിവാഹമോചനത്തിനുള്ള ഒരു ന്യായമായി കാണാന്‍ സ്വന്തം മാതാപിതാക്കള്‍ പോലും തയ്യാറല്ല എന്നതാണ് സത്യം.
മയക്കുമരുന്നുപയോഗം, മദ്യപാനം, പരസ്ത്രീഗമനം, തുടങ്ങി ‘നാലാള് കേട്ടാല്‍ അംഗീകരിക്കുന്ന’ കാരണങ്ങളില്‍ ഇപ്പറഞ്ഞതൊന്നും പെടുന്നില്ല എന്നത് കൊണ്ട് തന്നെ മേല്പറഞ്ഞതൊക്കെയും പക്വതയില്ലാത്ത പെണ്ണിന്റെ ‘കഥകുറഞ്ഞ’ ചിന്തകള്‍ മാത്രമായേ വേണ്ടപ്പെട്ടവര്‍ പോലും വിലയിരുത്തൂ.
മതാവടക്കം സ്വന്തക്കാരായ സ്ത്രീകളോട് ഇത് പറയുമ്പോള്‍ ‘എല്ലാരുടെ ജീവിതവും ഇങ്ങനൊക്കെ തന്നല്ലേ… സിനിമയും സീരിയലും ഒന്നുമല്ലല്ലോ ജീവിതം.. കുറേക്കാലം ഒന്നിച്ചു ജീവിച്ചു കുട്ടികളൊക്കെ ആയിക്കഴിഞ്ഞാല്‍ ഇതൊക്കെയങ്ങ് ശരിയാവും’ എന്നങ്ങ് നിസ്സാരപ്പെടുത്തിക്കളയും.
‘കടവും കള്ളീം വാങ്ങി ഇത്രേം പണം ചെലവാക്കി നാട്ടുകാരെയൊക്കെ വിളിച്ച് കല്യാണം നടത്തീട്ട് ഇത്രപെട്ടെന്ന് ……. ആളുകള്‍ ചോദിക്കുമ്പൊ എന്താ പറയുക. പുറത്തിറങ്ങി നടക്കാനാവോ’
അടുത്ത ബന്ധുക്കള്‍ അടക്കം പറയും. എന്നിട്ടും അടങ്ങുന്നില്ലെങ്കില്‍ ഇങ്ങനൊരു പൊട്ടിത്തെറി ഉണ്ടാകും.
‘ കഷ്ടപ്പാടറിയാതെ വളര്‍ത്തി ഇല്ലാത്ത കാശ് ചെലവാക്കി നിന്നെയൊക്കെ നിന്റെ ഇഷ്ടത്തിന് പഠിപ്പിച്ചതിന്റെ ഗുണം. പഠിപ്പ് കൂടിപ്പോയതിന്റെ അഹങ്കാരമാണ് നിനക്ക്. നീ മാത്രമല്ല ഈ വീട്ടില്‍ നിന്റെ ഇളയതുങ്ങളുടെ കാര്യവും നീ ആലോചിക്കണം. ഓരോ നിസ്സാര കാരണം പറഞ്ഞ്…’
ഇത്രയുമൊക്കെ ആവുമ്പോഴേക്ക് തന്നെ ഒരു മാതിരി പെണ്‍കുട്ടികള്‍ ഒക്കെ നിശ്ശബ്ദരാകും. തന്നിഷ്ടത്തിന് വിവാഹമോചനം നേടിയ ‘അഹങ്കാരികളായ’ പെണ്ണുങ്ങളുടെ ദുരനുഭവങ്ങള്‍ എമ്പാടും ഉണ്ടാകും ഉദാഹരിക്കാന്‍. പ്രായം കൂടിയവരോ രണ്ടോ മൂന്നോ മക്കള്‍ ഉള്ളവരോ ആയ വിഭാര്യന്മാര്‍ അല്ലാതെ രണ്ടാംകെട്ടിന് ചെറുപ്പക്കാരെ ഒന്നും കിട്ടില്ല എന്നതും കൂട്ടിച്ചേര്‍ക്കും.
ചുരുക്കിപ്പറഞ്ഞാല്‍ മനസ്സുകൊണ്ട് തീരെ പൊരുത്തപ്പെട്ടുപോവാന്‍ കഴിയാത്ത ഒരാളുമായി ആയുഷ്‌കാലം മുഴുവന്‍ കഴിയേണ്ടി വരിക എന്ന ‘വിധി’യിലേക്ക് അവളെ നിര്‍ബന്ധിതയായി വലിച്ചെറിയുക എന്നതാണ് തങ്ങളുടെ കടമ എന്നാണ് ഉറ്റവര്‍ പോലും കരുതുന്നത്.
ഇനി മകളുടെ സന്തോഷമാണ് ഏറ്റവും വലുത് എന്ന് കരുതുന്ന മാതാപിതാക്കള്‍ ആണെങ്കില്‍ ഭര്‍ത്താവിന്റെ വേണ്ടപ്പെട്ടവരോട് ഈ കാര്യം സംസാരിച്ചു എന്നിരിക്കട്ടെ. ആ ഭാഗത്തു നിന്നുള്ള ആദ്യ പ്രതികരണം അവള്‍ക്ക് വേറെ ആരോടെങ്കിലും ബന്ധം ഉണ്ടോ എന്ന് അന്വേഷിക്കണം എന്നാവും. (സ്വന്തക്കാരില്‍ നിന്ന് പോലും ഈ കുശുകുശുപ്പ് ഉണ്ടാകും). മാത്രമല്ല അവള്‍ പഠിച്ച/പഠിക്കുന്ന/ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ഡിറ്റക്ടീവിനെ വെല്ലുന്ന രീതിയില്‍ വിശദമായ അന്വേഷണം തന്നെ നടത്താനും, ഒരു ചെറിയ തെളിവെങ്കിലും കിട്ടാന്‍ മൊബൈല്‍ ഫോണ്‍ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ ഒക്കെയും അരിച്ചു പെറുക്കി അന്വേഷിക്കാനും ഉത്സാഹിച്ചിറങ്ങും. കാരണം വേറെ ഒരു പുരുഷനോട് അടുപ്പമില്ലാതെ ഒരു പെണ്ണ് തന്റെ കെട്ടിയവനെ വേണ്ടെന്ന് വെക്കാന്‍ യാതൊരു ന്യായവും ഇല്ല എന്നാണല്ലോ വെപ്പ്. അതും സല്‍സ്വഭാവിയും സുമുഖനും പഠിപ്പും ജോലിയും ചുറ്റുപാടും ഒക്കെയുള്ള ഒരു ചെറുപ്പക്കാരനെ.
ദാമ്പത്യജീവിതത്തില്‍ ഭര്‍ത്താവില്‍ നിന്ന് ലഭിക്കേണ്ട സ്‌നേഹം, കരുതല്‍, പ്രണയം, ആസ്വാദ്യകരമായ രതി ഇതൊന്നും എന്താണ് എന്നുപോലും അറിയാത്ത ഒരാളെയാണ് തന്റെ ഭര്‍ത്താവായി ലഭിച്ചത് എന്ന് തിരിച്ചറിയുന്ന, യോജിപ്പിനെക്കാള്‍ വിയോജിപ്പിന്റെ ഇടങ്ങളാണ് തങ്ങള്‍ക്കിടയില്‍ ഏറെ എന്ന് മനസ്സിലാക്കുന്ന അത്യാവശ്യം വിവരവും വിദ്യാഭ്യാസവും ഉള്ള ഒരു പെണ്‍കുട്ടി ഇങ്ങനെ ഒരു ദാമ്പത്യം വേണ്ട എന്ന് ചിന്തിക്കുകയും വേണ്ടപ്പെട്ടവരോട് പറയുകയും ചെയ്യുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന കാര്യങ്ങളാണ് ഈ എഴുതിയതൊക്കെയും.
നാലാള് കേട്ടാല്‍ മാനക്കേടായ ദുശീലങ്ങള്‍ മാത്രമാണ് ഒരു പെണ്ണിന് വിവാഹമോചനത്തെ കുറിച്ച് ചിന്തിക്കാനുള്ള ന്യായം എന്ന് കരുതുന്ന ഒരു സമൂഹത്തിന്, സ്‌നേഹവതിയുമായ ഒരു ഭാര്യയുടെ വിവേകപൂര്‍ണ്ണമായ ഇടപെടലുകളിലൂടെ ദുശീലങ്ങള്‍ നിര്‍ത്തി സ്‌നേഹസമ്പന്നനും കുടുംബസ്‌നേഹിയും ആയ ഒരു ഭര്‍ത്താവാക്കി മാറ്റാന്‍ ചിലപ്പോള്‍ സാധിച്ചേക്കാമെങ്കിലും ( അങ്ങനെ സഹിച്ചു ജീവിക്കണം എന്നല്ല) ഒരു പെണ്ണിനെ പരിഗണിക്കാനോ അംഗീകരിക്കാനോ പ്രണയപൂര്‍വ്വം ഇടപെടാനോ അറിയാത്ത ഒരാളെ തിരുത്തിയെടുക്കാന്‍ ഒരു പെണ്ണിനും സാധ്യമല്ല എന്ന് മനസ്സിലാക്കുന്നില്ല.
അവളുടെ ഭാഗത്ത് കുറ്റങ്ങള്‍ ഒന്നും കണ്ടെത്താനായില്ലെങ്കില്‍ ചിലരെങ്കിലും അവസാനശ്രമം എന്ന നിലയില്‍ ദൈവീകശിക്ഷയെ കുറിച്ച് പറഞ്ഞു പേടിപ്പിക്കാന്‍ ആണ് ശ്രമിക്കുക. പൊരുത്തപ്പെട്ടുപോവാന്‍ കഴിയാത്ത ദാമ്പത്യത്തില്‍ നിന്നും വിടുതല്‍ നേടാന്‍ മതം അനുവദിച്ച വിവാഹമോചനം എന്ന അവകാശത്തെ അപഹസിക്കല്‍ ആണിത്.
വിവാഹം കഴിഞ്ഞു ഏറെനാള്‍ കഴിയും മുമ്പ് തന്നെ മകള്‍ വിവാഹമോചിതയാവുന്നത് അഭിമാനപ്രശ്‌നം ആയി കരുതുന്ന പല രക്ഷിതാക്കളും ചിന്തിക്കുന്നില്ല തങ്ങളുടെ പ്രിയപ്പെട്ട മകള്‍ എല്ലാം സഹിച്ചു സഹിച്ച് മനോനില തെറ്റുകയോ ചിലപ്പോള്‍ ആത്മഹത്യയില്‍ എല്ലാം അവസാനിപ്പിക്കുകയോ ചെയ്താല്‍ ഇപ്പറഞ്ഞ അഭിമാനമൊക്കെ എവിടെ എത്തും എന്നത്.
മിസ്‌കോള്‍ പ്രണയങ്ങളും ഒളിച്ചോട്ടങ്ങളും പാതിരാത്രിയിലെ ‘സദാചാരപോലീസ്’ ഇടപെടലുകളും ഒക്കെ ഏറി വരുമ്പോള്‍ എല്ലാം ‘പെണ്ണിന്റെ കാമഭ്രാന്ത്’ എന്നങ്ങ് അടച്ചാക്ഷേപിക്കുമ്പോള്‍ നാം ഓര്‍ക്കാറില്ല ഇതില്‍ ചിലതെങ്കിലും വരണ്ടുപോയ ദാമ്പത്യജീവിതത്തില്‍ നിന്നും ഉള്ള രക്ഷപ്പെടല്‍ കൂടി ആണെന്ന്. സ്‌നേഹമോ അംഗീകാരമോ പരിഗണനയോ ലഭിക്കാത്ത മക്കളെ ഓര്‍ത്തും കടമ എന്ന രീതിയിലും മുന്നോട്ടു നീങ്ങുന്ന ദാമ്പത്യത്തിന്റെ ഇരുട്ടറയില്‍ നിന്നും വെളിച്ചം കിട്ടുന്ന ഇടത്തേക്കുള്ള തല നീട്ടല്‍.
പഴയകാലത്തെ അപേക്ഷിച്ച് മക്കളെ പ്രത്യേകിച്ചും പെണ്മക്കളെ ഏറെ വത്സല്യത്തിലും സ്‌നേഹത്തിലും വളര്‍ത്തുന്ന രക്ഷിതാക്കള്‍ ആണ് ഇന്ന് ഏറെയും. അവരുടെ സുഖത്തിനും സന്തോഷത്തിനും ഏറെ മുന്‍ഗണന നല്‍കുന്നവര്‍.
അതുകൊണ്ടു തന്നെ മകളുടെ നല്ലൊരു ജീവിതത്തിനു വേണ്ടി ഒരു വരനെ തെരഞ്ഞെടുക്കുമ്പോള്‍ സമ്പത്തും സൗന്ദര്യവും സാമൂഹ്യമാന്യതയും മാത്രം നോക്കാതെ നിങ്ങളുടെ മകളെ സ്‌നേഹിക്കാനും സന്തോഷം നല്‍കാനും കഴിയുന്ന ഒരാളാണോ എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
നിങ്ങളുടെ മകള്‍ ദാമ്പത്യത്തിലെ പൊരുത്തക്കേടുകളെ കുറിച്ച് പറയുമ്പോള്‍ അത് കേള്‍ക്കാനുള്ള സന്മനസ്സെങ്കിലും കാണിക്കുക. വളര്‍ത്തുദോഷം കൊണ്ടുള്ള ‘പായ്യാരം പറച്ചിലാ’യി അതിനെ നിസ്സാരപ്പെടുത്തതിരിക്കുക. സമ്പത്തികനഷ്ടം അഭിമാനപ്രശ്‌നം ഇതൊക്കെ പറഞ്ഞ് അവളെ വായടപ്പിക്കാതിരിക്കുക. ബൈക്കില്‍ ചുറ്റിപ്പിടിച്ചു വന്ന് ഇറങ്ങിയത് കൊണ്ടോ ഹണിമൂണ്‍ യാത്ര നടത്തിയത് കൊണ്ടോ സംതൃപ്തമായൊരു ദാമ്പത്യ ജീവിതമാണ് മകളുടേത് എന്ന് ഉറപ്പിക്കാതിരിക്കുക.
അങ്ങേയറ്റം ചിന്തിച്ചും ഒരുപാടു വട്ടം ആലോചിച്ചും ഏറെ പേടിച്ചും ആശങ്കപ്പെട്ടുമാണ് അവള്‍ സ്വന്തം സങ്കടങ്ങളെ നിങ്ങള്‍ക്ക് മുന്നില്‍ നിവര്‍ത്തി വെക്കുന്നത്. അത് ക്ഷമാപൂര്‍വ്വം കേള്‍ക്കാനും വേണ്ട രീതിയില്‍ ഇടപെടാനും മുന്‍കൈ എടുക്കേണ്ടത് നിങ്ങള്‍ തന്നെയാണ്.
പൊരുത്തപ്പെടാന്‍ ആകാത്ത ദാമ്പത്യമെന്ന മലവെള്ളപ്പാച്ചിലില്‍ നിന്നും കരകയറാന്‍ സ്വന്തം മകള്‍ നിങ്ങളിലേക്ക് നീന്തി വന്ന് കൈ നീട്ടുമ്പോള്‍ ‘ഇത് മനോഹരമായ തടാകമാണ് നീന്തി ഉല്ലസിക്കൂ’ എന്ന് വീണ്ടും വീണ്ടും അവളെ കുത്തൊഴുക്കിലേക്ക് തള്ളിയിടുമ്പോള്‍ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാന്‍ എമ്പാടും പേരുണ്ടാകും. അവര്‍ക്കൊന്നും നഷ്ടപ്പെടാനില്ലല്ലോ.
ധനമോ ആരോഗ്യമോ അല്ല നല്ലൊരു ദാമ്പത്യത്തിന്റെ കാതല്‍. പരസ്പരം സ്‌നേഹിച്ചും പൊരുത്തപ്പെട്ടും അംഗീകരിച്ചും ഹൃദ്യമായൊരു ബന്ധമാണത്. വലിയ വീടും വാഹനവും വസ്ത്രങ്ങളും യാത്രകളും മികച്ച ദാമ്പത്യത്തിന്റെ അടയാളങ്ങള്‍ ആകണമെന്നില്ല.
പ്രിയപ്പെട്ട രക്ഷിതാവേ വിവാഹിതയാവുന്നതോട് കൂടി നിങ്ങളുടെ മകള്‍ നിങ്ങള്‍ക്ക് അന്യായാവുന്നില്ല. ഭര്‍ത്താവ് എത്ര പ്രിയപ്പെട്ടവന്‍ ആയാലും ഏതൊരു ചെറിയ സങ്കടത്തിലും അവള്‍ ആദ്യമോര്‍ക്കുക സ്വന്തം മാതാപിതാക്കളെ ആണ്. ഭര്‍ത്താവ് തന്നെ ഉള്ളില്‍ പുകച്ചിലുയര്‍ത്തുന്ന വലിയൊരു വേദനയാകുമ്പോള്‍ അവള്‍ പിന്നെ ആരോടാണ് ഇതൊക്കെ പങ്കുവെക്കുക.
വിവാഹമോചനം എന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാര്യമല്ല. ചേര്‍ന്നുപോകാനുള്ള ശ്രമങ്ങള്‍ പരമാവധി ഉണ്ടാകുക തന്നെ വേണം. പക്ഷെ സമൂഹത്തിനു ബോധ്യപ്പെടാന്‍ പറ്റിയ കാരണങ്ങള്‍ ഇല്ല എന്ന പേരില്‍ ഒരിക്കലും പൊരുത്തപ്പെട്ടുപോകാന്‍ കഴിയാത്ത ദാമ്പത്യത്തിനു മകളെ നിര്‍ബന്ധിക്കാതിരിക്കുക. ചിലപ്പോള്‍ മരണവേളയില്‍ പോലും ആ ഖേദം നിങ്ങളെ വേട്ടയാടി കൊണ്ടിരിക്കും.
നേരിലറിയുന്ന ചില പെണ്‍ജീവിതങ്ങളുടെ കദനങ്ങള്‍ അറിയേണ്ടി വന്ന വേദനയില്‍ നിന്നാണ് ഈ കുറിപ്പ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

Published

on

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.

ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.

200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Continue Reading

Video Stories

ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

Continue Reading

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

Trending