kerala

നെന്മാറ കൂട്ടകൊലപാതക കേസ്: പ്രതി ചെന്താമരയ്ക്ക് ഇന്ന് ശിക്ഷ വിധിക്കും

By webdesk18

October 18, 2025

പാലക്കാട്: സംസ്ഥാനത്തെ നടുക്കിയ നെന്മാറ കൂട്ടകൊലപാതകത്തിലെ ആദ്യ കേസില്‍ പ്രതിയായ ചെന്താമരയ്ക്ക് ഇന്ന് കോടതി ശിക്ഷ വിധിക്കും. ഒന്നിനെയും കൂസാത്ത കൊലപാതകിയെന്ന പേരിലാണ് ചെന്താമര അറിയപ്പെടുന്നത്.

2019 ഓഗസ്റ്റ് 31-നാണ് ലോറി ഡ്രൈവറായിരുന്ന ചെന്താമര നെന്മാറ പോത്തുണ്ടിയിലെ തിരുത്തംപാടം ബോയന്‍ കോളനിയില്‍ സജിതയെ കൊലപ്പെടുത്തിയത്. ഭാര്യ പിരിഞ്ഞുപോകാന്‍ സജിതയും കുടുംബവുമാണ് കാരണമെന്ന് സംശയിച്ചതോടെയാണ് ആക്രമണം. ഒരു മന്ത്രവാദിയുടെ വാക്കില്‍ നിന്നാണ് ചെന്താമര സജിതയെ ലക്ഷ്യമാക്കിയത് ‘നീണ്ട മുടിയുള്ള സ്ത്രീയാണ് നിന്റെ കുടുംബവഴക്കിന് കാരണക്കാരി” എന്നതായിരുന്നു ആ വാക്കുകള്‍.

ആ കൊലപാതകത്തിന് ശേഷം ജയിലിലായ ചെന്താമര 2024 നവംബറില്‍ വിയ്യൂര്‍ ജയിലില്‍ നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങി. കോടതി ഉത്തരവനുസരിച്ച് നെന്മാറ പഞ്ചായത്തിന്‍ പരിധിയില്‍ പ്രവേശിക്കരുതായിരുന്നെങ്കിലും ചെന്താമര അതു ലംഘിച്ച് കൊല്ലപ്പെട്ട സജിതയുടെ വീട്ടിനടുത്ത് താമസമാക്കി.

സജിതയുടെ ഭര്‍ത്താവ് സുധാകരനും മകള്‍ അഖിലയും ചെന്താമര ഭീഷണിപ്പെടുത്തുന്നതായി പൊലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും, നടപടി ഉണ്ടായില്ല. അതിന്റെ പിന്നാലെ 2025 ജനുവരി 27-ന് രാവിലെ 10 മണിയോടെ, ചെന്താമര സജിതയുടെ വീട്ടില്‍ എത്തി സുധാകരനെയും ഭര്‍ത്തൃമാതാവ് ലക്ഷ്മിയേയും വെട്ടിക്കൊന്നു.

തുടര്‍ന്ന് ഒളിവിലായ ചെന്താമരയെ തമിഴ്‌നാട്ടിലെയും കേരളത്തിലെയും പൊലീസ് ചേര്‍ന്ന് നടത്തിയ വന്‍ തിരച്ചിലിനൊടുവില്‍ പോത്തുണ്ടി വനമേഖലയില്‍ നിന്ന് പിടികൂടുകയായിരുന്നു.

പാലക്കാട് എസ്.പി. അജിത് കുമാര്‍ പറഞ്ഞതനുസരിച്ച്, ചെന്താമര ”തന്ത്രശാലിയും സ്വയം കടുവയെന്ന് കരുതുന്ന ആളുമാണ്” ആസൂത്രിതമായാണ് കൊലപാതകങ്ങള്‍ നടത്തിയത്, കുറ്റബോധമൊന്നും കാണിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി.

ഇന്ന് കോടതി ആദ്യ കൊലപാതകക്കേസില്‍ ശിക്ഷ വിധിക്കും.