നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ ‘സെക്‌സ് ടേപ്പ്’ വിവാദം കത്തുന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേലിന്റെതെന്നു കരുതുന്ന അശ്ലീല വീഡിയോ പുറത്തുവന്നു. എന്നാല്‍ സിഡിയില്‍ ചിത്രീകരിക്കപ്പെട്ടയാള്‍ താനല്ലെന്ന് ഹാര്‍ദിക് പ്രതികരിച്ചു. ഇവിടെ നടക്കുന്നത് ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയമാണെന്നും ഹാര്‍ദിക് ആരോപിച്ചു.
2017 മെയ് പതിനാറിന് ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് ചിത്രീകരിച്ച നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പ്രാദേശിക ഗുജറാത്തി ചാനലുകളാണ് വീഡിയോ പ്രക്ഷേപണം ചെയ്തത്. അജ്ഞാതയായ സ്ത്രീയോടൊപ്പം ഹാര്‍ദികിന്റെ രൂപസാദൃശ്യമുള്ള യുവാവിനെയാണു വീഡിയോയില്‍ കാണുന്നത്.
വൃത്തികെട്ട രാഷ്ട്രീയത്തിന്റെ തുടക്കമാണിത്. നിങ്ങള്‍ക്കാവശ്യമുള്ളത്ര എന്നെ അപമാനിച്ചോളൂ. അതൊന്നും എന്നിലൊരു മാറ്റവുമുണ്ടാക്കില്ല. എന്നാല്‍ ഗുജറാത്തിലെ സ്ത്രീകളെ അപമാനിക്കുന്ന സംഭവമാണിതെന്നും ഹാര്‍ദിക് ട്വീറ്റ് ചെയ്തു. എന്താണ് ചിലര്‍ക്ക് ആവശ്യമുള്ളത്. അതിനായി പ്രവര്‍ത്തിക്കുകയാണ്. ഒരിക്കലും താന്‍ പിന്മാറില്ല. പോരാട്ടവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു സിഡി പുറത്തുവരാന്‍ സാധ്യതയുണ്ടെന്ന് ഹാര്‍ദിക് പട്ടേല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നു. ‘തന്നെ വിവാദങ്ങളില്‍ കുടുക്കാനാണ് ശ്രമം. അസൂയാലുക്കളാണ് പിന്നില്‍. തന്നോടൊപ്പം ഒരു സ്ത്രീയെ കൂടി അപമാനിക്കുകയാണ്. ബഹുമാനം പോലും കാട്ടിയില്ല. ബിജെപി നേതാവ് സഞ്ജയ് ജോഷി വ്യാജ സെക്‌സ് വിവാദങ്ങളില്‍പെട്ടത് മറക്കാനാവില്ലെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.