കൊച്ചി: കൊച്ചി മരടിന് സമീപം കുട്ടികളുമായി പോയ സ്‌കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളും ആയയും മരിച്ചു. കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണ് ബസ് മറിഞ്ഞത്. കിഡ്‌സ് വേള്‍ഡ് എന്ന ഡേ കെയര്‍ സെന്ററിലെ കുട്ടികളുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. വിദ്യാലക്ഷ്മി, ആദിത്യന്‍ എന്നീ കുട്ടികളും ഡെ കെയര്‍ സെന്ററിലെ ആയ ലതാ ഉണ്ണിയുമാണ് മരിച്ചത്. വാന്‍ ഡ്രൈവര്‍ ഗുരുതരാവസ്ഥയില്‍ ഐ.സി.യുവിലാണ്.

എട്ട് കുട്ടികളും ബസിന്റെ ഡ്രൈവറും ആയയുമാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. തൃപ്പൂണിത്തുറയിലെ പി.എസ് മിഷന്‍ ആശുപത്രിയിലാണ് മൃതദേഹങ്ങളുള്ളത്.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഇടുങ്ങിയ റോഡില്‍ വളവ് തിരിയവെ നിയന്ത്രണം വിട്ട വാന്‍ കുളത്തിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആഴം കുറവായിരുന്നെങ്കിലും ചെളി നിറഞ്ഞിരുന്നതിനാലാണ് ദുരന്തമുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു.