പുതുവത്സരാഘോഷ വേളയില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ക്ക് ഇസ്രാഈല്‍ പുറപ്പെടുവിച്ച മുന്നറിയിപ്പ് പട്ടികയില്‍ കൊച്ചിയും. കൊച്ചിയടക്കമുള്ള സ്ഥലങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്നും വിനോദസഞ്ചാരികള്‍ ശ്രദ്ധിക്കണമെന്നുമാണ് ഇസ്രാഈലിന്റെ മുന്നറിയിപ്പ്. കൊച്ചിക്കു പുറമെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഗോവ, പൂണെ, മുംബൈ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കും മുന്നറിയിപ്പുണ്ട്. ഇസ്രാഈല്‍ തീവ്രവാദ വിരുദ്ധ ബ്യൂറോയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന ബീച്ച്, ക്ലബ് പാര്‍ട്ടി, തിരക്കുള്ള മാര്‍ക്കറ്റ്, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പോകുന്നത് പുതുവത്സരത്തില്‍ ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. ഇസ്രാഈല്‍ പൗരന്മാര്‍ ഇന്ത്യയിലുള്ള ബന്ധുക്കളെ ഇക്കാര്യം അറിയിക്കണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. എന്നാല്‍ മുന്നയിപ്പ് നല്‍കേണ്ട അടിയന്തര സാഹചര്യമെന്താണെന്ന് തീവ്രവാദവിരുദ്ധ ബ്യൂറോ വ്യക്തമാക്കിയിട്ടില്ല.