മാഡ്രിഡ്: ബാഴ്‌സലോണ വിട്ട് പി.എസ്.ജിയിലേയ്ക്ക് ചേക്കേറുന്ന നെയ്മര്‍ക്ക് വിട നല്‍കി ലയണല്‍ മെസി. തന്റെ ഇന്‍സറ്റാഗ്രാമിലിലൂടെ നെയ്മറുമൊത്തുള്ള നിമിഷങ്ങള്‍ ചേര്‍ത്ത വീഡിയോയാണ് മെസി പങ്കു വെച്ചത്. മെസിയുടെയും നെയ്മറിന്റെയും ജഴ്‌സികള്‍ ഡ്രസിംഗ് റൂമില്‍ അടുത്തടുത്തായി വെച്ചിരിക്കുന്ന ചിത്രവും വീഡിയോയിലുണ്ട്.

നെയ്മര്‍ ക്ലബ് വിടുമെന്ന് നേരത്തേ അഭ്യൂഹമുണ്ടായിരുന്നെങ്കിലും ഇന്ന് രാവിലെയാണ് സ്ഥിരീകരണമുണ്ടായത്. ബാഴ്‌സലോണ വിടുന്നതായി നെയ്മര്‍ ക്ലബ് അധികൃതരെ അറിയിക്കുകയായിരുന്നു.

ബ്രസീല്‍ ക്ലബ് സാന്റോസില്‍നിന്ന് 2013 മേയില്‍ നെയ്മര്‍ സ്പാനിഷ് ക്ലബ് ബാര്‍സിലോനയില്‍ എത്തിയത് 5.71 കോടി യൂറോയുടെ (ഏകദേശം 427 കോടി രൂപ) കൈമാറ്റക്കരാറിലാണ്. ജൂണ്‍ 2018 വരെ അഞ്ചുവര്‍ഷത്തേക്കുള്ള കരാറിലാണ് നെയ്മര്‍ അന്ന് ഒപ്പുവച്ചത്. റിലീസ് ക്ലോസ് ആയി അന്നു നിശ്ചയിച്ച 1421 കോടി രൂപയാണ് ഇപ്പോള്‍ 1641 കോടി രൂപയായി വര്‍ധിച്ചത്.

ബാഴ്‌സയുടെ മൈതാനമായ ന്യൂകാമ്പിലെത്തി നെയ്മര്‍ സഹതാരങ്ങളോട് യാത്ര പറഞ്ഞിരുന്നു. ഇന്ന് പരിശീലനത്തിന് നെയ്മര്‍ പങ്കെടുത്തിരുന്നില്ല. 222 ബില്യണ്‍ യൂറോയെന്ന റെക്കോഡ് തുകയ്ക്കാണ് നെയ്മര്‍ പി.എസ്.ജിയിലേയ്ക്ക് മാറുന്നത്. നെയ്മര്‍ ബാഴ്‌സ വിടുന്നതോടെ എതിരാളികളുടെ പേടി സ്വപ്‌നമായ എം.എസ്.എന്‍ ത്രയം ഇനി ഓര്‍മ്മ മാത്രമാകും