പാരിസ്: ബാഴ്‌സലോണയിലേക്ക് മടങ്ങി പോകാമെന്ന ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന്റെ മോഹങ്ങള്‍ക്ക് തല്‍ക്കാല വിരാമം. നെയ്മറിനെ തിരിച്ച് ടീമിലെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും ബാഴ്‌സലോണ ഉപേക്ഷിച്ചു. സ്‌പെയിനിലെ താര കൈമാറ്റ വിപണി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ് തീരുമാനം.

ഇതോടെ നെയ്മറിന്റെ ടീം മാറല്‍ സംബന്ധിച്ച് മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കും വിരാമമായി. ഈ സീസണില്‍ താരം പിഎസ്ജിക്കായി തന്നെ കളിക്കും. ഈ സീസണില്‍ പിഎസ്ജിക്കായി നെയ്മര്‍ ഇനിയുള്ള മത്സരങ്ങളില്‍ കളത്തിലിറങ്ങും.

നെയ്മറിനു വേണ്ടി വന്‍ തുക പിഎസ്ജി ആവശ്യപ്പെട്ടതാണ് കൈമാറ്റം നടക്കാതിരിക്കാനുള്ള കാരണം. ഏതാണ്ട് 1742 കോടിയോളം രൂപ പണമായി തന്നെ വേണം എന്നായിരുന്നു ഫ്രഞ്ച് ടീമിന്റെ ആവശ്യം. അത്രയും തുക നല്‍കാന്‍ സാധിക്കില്ലെങ്കില്‍ ക്രൊയേഷ്യന്‍ താരം റാകിറ്റിച് ഡെംബലെ പോലുള്ള താരങ്ങളെയും പിഎസ്ജി ആവശ്യപ്പെട്ടു. താരങ്ങളെ നല്‍കി നെയ്മറിനെ എത്തിക്കാനുള്ള ശ്രമവും ബാഴ്‌സ നടത്തിയെങ്കിലും അതും വിജയിച്ചില്ല. കാരണം പിഎസ്ജിയിലേക്ക് പോകാന്‍ റാകിറ്റിചോ ഡെംബലയോ തയ്യാറായിരുന്നില്ല. ഇതോടെയാണ് നീക്കം പാളിയത്.