തിരുവനന്തപുരം: കുടില്‍ കെട്ടിയ സ്ഥലം കോടതി ഉത്തരവ് പ്രകാരം ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികളില്‍ ഭാര്യയും മരിച്ചു. നെയ്യാറ്റിന്‍കര പോങ്ങില്‍ സ്വദേശി രാജന്റെ ഭാര്യ അമ്പിളി (40) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജന്‍ തിങ്കളാഴ്ച രാവിലെ മരിച്ചിരുന്നു.

നെയ്യാറ്റിന്‍കര പോങ്ങില്‍ മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആണ്‍ മക്കളുമടങ്ങുന്ന കുടുംബം. ഇവര്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് അയല്‍വാസി വസന്ത മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. ആറ് മാസം മുന്‍പ് രാജനെതിരെ കോടതി വിധി പറഞ്ഞു. ഈ മാസം 22ന് ഒഴിപ്പിക്കല്‍ നടപടിക്കായി കോടതിയില്‍ നിന്നുള്ള ഉദ്യാഗസ്ഥരും പൊലീസും എത്തിയപ്പോഴാണ് രാജനും ഭാര്യയും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

അതേസമയം താന്‍ തീകൊളുത്തിയിട്ടില്ലെന്നും ആത്മഹത്യാ ഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും രാജന്റെ മരണമൊഴിയില്‍ പറയുന്നുണ്ട്. അടുത്തുണ്ടായിരുന്ന പൊലീസുകാരന്‍ ലൈറ്റര്‍ തട്ടിമാറ്റുന്നതിനിടെ തീ പടരുകയായിരുന്നുവെന്നും രാജന്റെ മൊഴിയില്‍ പറയുന്നു. തീപിടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. രാജന്റെ മൃതദേഹം കുടിയൊഴിപ്പിക്കപ്പെട്ട വീട്ടില്‍ തന്നെ സംസ്‌കരിക്കുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്.