കൊച്ചി: നിപ ബാധിച്ച് ദിവസങ്ങളായി ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവിനെ നാളെ ഡിസ്ചാര്‍ജ് ചെയ്യും. രാവിലെ 8.30ന് ആസ്റ്റര്‍ മെഡിസിറ്റിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ പങ്കെടുക്കും. തുടര്‍ന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. അതിജീവനം എന്ന പേരില്‍ ആസ്പത്രി അധികൃതര്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ യുവാവിനെ ചികിത്സ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരെ ആദരിക്കും. ആസ്റ്റര്‍ ഡി.എം ഫൗണ്ടര്‍ ചെയര്‍മാന്‍ ഡോ.ആസാദ് മൂപ്പന്‍, സി.ഇ.ഒ ഹരീഷ് പിള്ള, ജില്ലാ കളക്ടര്‍ എസ്.സുഹാസ്, ഡി.എം.ഒ ഡോ.എം.എ കുട്ടപ്പന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.

കഴിഞ്ഞ മെയ് 30നാണ് 23 വയസുള്ള എന്‍ജീനീയറിങ് വിദ്യാര്‍ഥിയായ യുവാവ് പനിയെ തുടര്‍ന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചികിത്സ തേടിയത്. ആസ്പത്രിയില്‍ നടത്തിയ പരിശോധനയില്‍ യുവാവിന് നിപ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് ആസ്പത്രി അധികൃതര്‍ വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചു. പൂന നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയിലാണ് യുവാവിന് നിപ ബാധ സ്ഥിരീകരിച്ചത്.