ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രത്തിനായി പിരിച്ച 1400 കോടി രൂപ ബിജെപി തട്ടിയെന്ന സന്യാസിമാരുടെ ആരോപണം പങ്കുവച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ക്ഷേത്രത്തിനായി തുടക്കം മുതല്‍ തന്നെ രംഗത്തുണ്ടായിരുന്ന നിര്‍മോഹി അഖാഡയിലെ സന്യാസിമാരാണ് ബിജെപിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടുള്ളത്. ഇതിന്റെ വീഡിയോ ആണ് ഭൂഷണ്‍ ട്വിറ്ററില്‍ പങ്കുവച്ചത്.

രാമക്ഷേത്രത്തിനായി പിരിച്ച തുക ഉപയോഗിച്ച് ബിജെപി സ്വന്തം കെട്ടിടങ്ങള്‍ പണിതുവെന്ന് സന്യാസിമാര്‍ ആരോപിക്കുന്നു. സ്വന്തം ആവശ്യങ്ങള്‍ക്കായി ബിജെപി പണം ഉപയോഗിച്ചതിന് തെളിവുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ക്ഷേത്രം പൊളിച്ചാണ് അയോധ്യയില്‍ ബാബരി മസ്ജിദ് നിര്‍മിച്ചത് എന്ന് ആദ്യം അവകാശവാദം ഉന്നയിച്ച സന്യാസികളാണ് നിര്‍മോഹി അഖാഡയിലേത്.

ബിജെപിയെ പോലെ പണത്തിനു വേണ്ടിയല്ല രാമനെ സ്‌നേഹിച്ചത് എന്നും സന്യാസിമാര്‍ പറയുന്നു. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിച്ച ഘട്ടത്തിലാണ് സന്യാസിമാരുടെ ആരോപണം ഭൂഷണ്‍ ട്വീറ്റ് ചെയ്തിട്ടുള്ളത്.