ഡല്‍ഹി: രാജ്യത്ത് ജനാധിപത്യം വളരെ കൂടുതലാണെന്നും അതിനാല്‍ കടുത്ത പരിഷ്‌കാരങ്ങള്‍ നടപ്പാക്കുക ദുഷ്‌കരമാണെന്നും നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്.

രാജ്യത്തെ മത്സരക്ഷമമാക്കുന്നതിന് കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വരാജ്യ മാസിക സംഘടിപ്പിച്ച വെര്‍ച്വല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖനനം, കല്‍ക്കരി, തൊഴില്‍, കാര്‍ഷികം ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ ഇതാദ്യമായി കേന്ദ്രസര്‍ക്കാര്‍ കടുത്ത പരിഷ്‌കാരങ്ങള്‍ നടപ്പാക്കി. പരിഷ്‌കാരങ്ങളുടെ അടുത്തഘട്ടത്തിന് സംസ്ഥാനങ്ങള്‍ മുന്‍കയ്യെടുക്കണമെന്നും അമിതാഭ് കാന്ത് പറഞ്ഞു.

കടുപ്പമേറിയ പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ ബുദ്ധിമുട്ടാണ്. നമുക്ക് ജനാധിപത്യം വളരെ കൂടുതലാണ്. കടുത്ത പരിഷ്‌കാരങ്ങളില്ലാതെ ചൈനയ്‌ക്കെതിരെ മത്സരിക്കുക എളുപ്പമല്ലെന്നും അമിതാഭ് കാന്ത് കൂട്ടിച്ചേര്‍ത്തു.