അഹമ്മദാബാദ്: വകുപ്പ് വിഭജനത്തെച്ചൊല്ലി ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാരില്‍ ഉടലെടുത്ത പൊട്ടിത്തെറിക്ക് താല്‍ക്കാലിക ശമനം. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഫോണില്‍ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെ ഇടഞ്ഞുനിന്ന നിതിന്‍ പട്ടേല്‍ സെക്രട്ടേറിയറ്റിലെത്തി ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു.

കഴിഞ്ഞ തവണത്തെ വകുപ്പുകളായ ധനം, നഗരവികസനം എന്നിവ തന്നെ ലഭിക്കണമെന്ന നിതിന്‍ പട്ടേലിന്റെ ആവശ്യം ഒടുവില്‍ നേതൃത്വം അംഗീകരിക്കുകയായിരുന്നു. തന്റെ ആഗ്രഹപ്രകാരമുള്ള വകുപ്പുകള്‍ അനുവദിച്ചുകിട്ടിയെന്ന് നിതിന്‍ പിന്നീട് പ്രതികരിച്ചു. ഇതോടെയാണ് നാലുദിവസമായി ബി.ജെ.പിയില്‍ ഉടലെടുത്ത പ്രതിസന്ധിക്ക് വിരാമമായത്. നിതിനും അനുയായികളും പിന്തുണ നല്‍കിയില്ലെങ്കില്‍ കുറഞ്ഞ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന സര്‍ക്കാര്‍ താഴെ വീഴുമെന്ന ആശങ്കക്കിടെയായിരുന്നു അമിത് ഷായുടെ ഇടപെടല്‍.

പാര്‍ട്ടിയെയും സര്‍ക്കാരിനെയും അസ്ഥിരപ്പെടുത്തിയാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഷാ മുന്നറിയിപ്പ് നല്‍കിയതായും സൂചനയുണ്ട്. നേര്‍ത്ത വിജയത്തോടെ ഗുജറാത്തില്‍ ആറാമതും അധികാരത്തിലെത്തിയ ബി. ജെ.പി സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി വിജയ് രൂപാണിയും ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേലും ചൊവ്വാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റത്.

എന്നാല്‍ വ്യാഴാഴ്ച നടന്ന വകുപ്പു വിഭജനത്തോടെ തര്‍ക്കം ഉടലെടുത്തു. മന്ത്രിസഭയില്‍ രണ്ടാമനായ നിതിനു കഴിഞ്ഞ തവണത്തെ വകുപ്പുകളായ ധനം, നഗരവികസനം എന്നിവ നിഷേധിച്ചതാണ് പ്രതിഷേധത്തിനു കാരണം. വിജ്ഞാപനം വന്നയുടന്‍ തന്നെ നിതിന്‍ പട്ടേല്‍ പരസ്യമായി അസംതൃപ്തി വ്യക്തമാക്കുകയും ചെയ്തിരുന്നു. അനുവദിച്ച ആരോഗ്യം, റോഡ് തുടങ്ങിയ വകുപ്പുകള്‍ അദ്ദേഹം ഏറ്റെടുത്തിരുന്നില്ല.

ബി.ജെ.പി വിട്ടുവരാന്‍ നിതിനെ കോണ്‍ഗ്രസ് ക്ഷണിച്ചതിന് പിന്നാലെ 10 എം.എല്‍.എമാരുമായി ബി.ജെ.പി വിട്ടു വന്നാല്‍ അര്‍ഹിക്കുന്ന സ്ഥാനം നല്‍കാമെന്ന് പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ വാഗ്ദാനവും ചെയ്തിരുന്നു. ധനവകുപ്പ് അംബാനി സഹോദരന്മാരുടെ അളിയന്‍ സൗരഭ് പട്ടേലിനാണ് നല്‍കിയിരുന്നത്. മുകേഷ് അംബാനിയുടെയും അനില്‍ അംബാനിയുടെയും പിതൃസഹോദര പുത്രിയായ ഇള അംബാനിയുടെ ഭര്‍ത്താവാണ് സൗരഭ്.

ധീരുഭായ് അംബാനിയുടെ മൂത്ത സഹോദരന്‍ രമണിക് ഭായ് അംബാനിയുടെ മരുമകന്‍. ആനന്ദിബെന്‍ മന്ത്രിസഭയില്‍ സൗരഭ് പട്ടേല്‍ അംഗമായിരുന്നെങ്കിലും കഴിഞ്ഞ രൂപാണി മന്ത്രിസഭയില്‍ ഇടംകിട്ടിയിരുന്നില്ല. 906 വോട്ടിനാണ് ഇത്തവണ അദ്ദേഹം കഷ്ടിച്ച് കടന്നുകൂടിയത്.

ആഭ്യന്തരം, ആസൂത്രണം, തുറമുഖം, ഖനികള്‍ തുടങ്ങിയ വകുപ്പുകള്‍ മുഖ്യമന്ത്രി വിജയ് രൂപാണി തന്നെ നിലനിര്‍ത്തിയപ്പോള്‍ സൗരഭ് പട്ടേലിന് സുപ്രധാന വകുപ്പായ ഊര്‍ജവും നല്‍കിയിരുന്നു.
അതേസമയം മന്ത്രിസഭയില്‍ ഇടം നല്‍കിയില്ലെങ്കില്‍ രാജിവെക്കുമെന്ന് വഡോദര എം.എല്‍.എ രാജേന്ദ്ര ത്രിവേദിയും ഭീഷണി മുഴക്കിയിട്ടുണ്ട്.