മലയാളത്തിലെ മിന്നുന്ന യുവതാരങ്ങളിലൊരാണ് നിവിന്‍പോളി. തുടര്‍ച്ചയായി ഹിറ്റ് സിനിമകളുടെ ഭാഗമായുള്ള താരം തന്റെ പുതിയ ചിത്രം സഖാവുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ മാധ്യമത്തോട് സംസാരിച്ചിരുന്നു. ഷൂട്ടിങ് കഴിഞ്ഞാല്‍ വീട്ടില്‍ പോകുന്നതല്ല തന്റെ രീതിയെന്ന് ആ അഭിമുഖത്തില്‍ നിവിന്‍പോളി പറയുന്നു.

സിനിമക്ക് വേണ്ടി പണം മുടക്കിയ ആളുകള്‍ മുതല്‍ തിരക്കഥാകൃത്തും സംവിധായകനുമെല്ലാം സിനിമ നല്ല രീതിയില്‍ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ജനം സിനിമ കാണുക എന്നതാണ് വിജയഘടകം. തന്റെ സാന്നിധ്യം ആളുകളെ തിയ്യേറ്ററില്‍ എത്തിക്കാന്‍ സഹായിക്കുന്നുണ്ടെങ്കില്‍ താന്‍ അവരെ നേരില്‍ കാണുമെന്നും നിവിന്‍പോളി പറയുന്നു. ‘അല്‍ഫോന്‍സ് പുത്രന്‍, എബ്രിഡ് ഷൈന്‍, സിദ്ധാര്‍ത്ഥ് ശിവ, അഞ്ജലി മേനോന്‍, വിനീത് ശ്രീനിവാസന്‍ തുടങ്ങിയ പ്രതിഭകളോടൊപ്പം ജോലി ചെയ്യാനായി എന്നതാണ് ഊര്‍ജ്ജം പകരുന്നത്. അവരുടെ കഥയിലും തിരക്കഥയിലും ജോലിയിലുമെല്ലാം ആ സിനിമയുടെ ആത്മാവുണ്ടാകും. സത്യത്തില്‍ ഞാന്‍ അവര്‍ക്കൊപ്പം എത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്’
-നിവിന്‍ കൂട്ടിച്ചേര്‍ത്തു.

പുതിയ കഥകളുമായി വരുന്ന പുതിയ ആളുകളോട് പറ്റില്ലെന്ന് പറയാന്‍ കഴിയാറില്ലെന്ന് പറഞ്ഞ നിവിന്‍പോളി താനും പലരുടേയും മുന്നില്‍ നടനായി നിന്നിട്ടില്ലേ എന്ന് ചോദിച്ചു. കഥയില്‍ തനിക്ക് ഇഷ്ടപ്പെട്ടതുണ്ടെങ്കില്‍ അവര്‍ക്കത് ചെയ്യാന്‍ കഴിവുണ്ടോയെന്ന് മാത്രമേ താന്‍ നോക്കാറുള്ളൂവെന്നും താരം പറയുന്നു. സഖാവിലെ കൃഷ്ണന്‍ എന്ന കഥാപാത്രം നടനെന്ന നിലയില്‍ ഒട്ടേറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ഗീതുമോഹന്‍ദാസിന്റെ മൂത്തോന്‍, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നിവ ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങളാണെന്നും നിവിന്‍ പറഞ്ഞു.