കൊച്ചി: ലഹരിക്കേസില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മലയാളി നിയാസ് മുഹമ്മദ് കൊച്ചിയിലെയും ബെംഗളൂരുവിലെയും ഡിജെ പാര്‍ട്ടികളിലെ സ്ഥിരം സാന്നിദ്ധ്യം. ഫാഷന്‍ മേഖലയിലും റാംപിലും ഇയാള്‍ സജീവമാണ്. ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിറയെ നക്ഷത്ര ഹോട്ടലുകളിലെ പാര്‍ട്ടി വീഡിയോകളുണ്ട്. കോറമംഗലത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ പബ്ബില്‍ ഇയാള്‍ക്ക് ബിസിനസ് പങ്കാളിത്തം ഉണ്ട് എന്നും പറയപ്പെടുന്നു.

അഞ്ചു വര്‍ഷത്തിലേറെയായി ബെംഗളൂരുവില്‍ സ്ഥിരതാമസാണ് നിയാസ്. എറണാകുളം കലൂര്‍ സ്വദേശിനിയെ വിവാഹം കഴിച്ചിരുന്നു എങ്കിലും പിന്നീട് ആ ബന്ധം ഒഴിഞ്ഞിരുന്നു. ഏതാനും മലയാള സിനിമകളിലും ഇയാള്‍ വേഷമിട്ടിട്ടുണ്ട്.

ടോവിനോ തോമസ് ചിത്രം കല്‍ക്കിയിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് നിയാസാണ്. ബിജു മേനോന്‍ നായകനായ ആദ്യ രാത്രിയിലും അഭിനയിച്ചിട്ടുണ്ട്. ഇതിന്റെ എല്ലാം ചിത്രങ്ങള്‍ സാമൂഹിക മാധ്യങ്ങളില്‍ ഇയാള്‍ പങ്കുവച്ചിട്ടുണ്ട്. ചില കന്നഡ സിനിമകളിലും വേഷമിട്ടിട്ടുണ്ട്. ഫാഷന്‍ മേഖലയിലെ നിയാസിന്റെ സാന്നിധ്യത്തെ കുറിച്ച് ചെന്നൈ ക്രോണിക്കിള്‍ പത്രത്തില്‍ ചെറിയ കുറിപ്പും വന്നിട്ടുണ്ട്.

ലഹരിക്കേസില്‍ അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണിയുമായി വളരെ അടുത്ത ബന്ധം ഉണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളും വീഡയോകളും ഇദ്ദേഹത്തിന്റെ പ്രൊഫൈലിലുണ്ട്. സഞ്ജനയ്‌ക്കൊപ്പം നിരവധി പാര്‍ട്ടികളിലും നിയാസ് പങ്കെടുത്തിട്ടുണ്ട്.

നിയാസില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സഞ്ജനയുടെ ഇന്ദിരാനഗറിലുള്ള വീട്ടില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്. തൊട്ടുപിന്നാലെ ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സഞ്ജനയോട് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ സിസിബി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല. സ്ഥലത്തില്ല എന്നായിരുന്നു അറിയിച്ചിരുന്നത്. തുടര്‍ന്ന് ഇവര്‍ വീട്ടിലുണ്ടെന്നു വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു സിസിബി റെയ്ഡ്. നേരത്തെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത സീരിയല്‍ നടി അനിഘ, അനൂപ് മുഹമ്മദ് തുടങ്ങിയവരുമായി ഇദ്ദേഹത്തിനുള്ള ബന്ധവും സിസിബി പരിശോധിക്കുന്നുണ്ട്.