ബ്രസല്‍സ്: ആണവായുധ കരാര്‍ റദ്ദാക്കി ഇറാനെതിരെ കനത്ത ഉപരോധങ്ങളേര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മേധാവി ഫെഡറിക്ക മൊഗെറിനി. ഇറാന്‍ ആണവ കരാറിന് പകരം വെക്കാന്‍ മറ്റൊന്നില്ലെന്ന് അവര്‍ വ്യക്തമാക്കി. ഇറാനെതിരെ ശക്തമായ ഉപരോധങ്ങള്‍ കൊണ്ടുവരുമെന്ന യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മൊഗെറിനി.

കരാര്‍ തകരാതെ സൂക്ഷിക്കുന്നതിന് യൂറോപ്യന്‍ രാജ്യങ്ങള്‍ ചര്‍ച്ചയിലാണെന്ന് കഴിഞ്ഞയാഴ്ച മൊഗെറിനി അറിയിച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ഉപരോധങ്ങളാണ് ഇറാനെതിരെ കൊണ്ടുവരുന്നതെന്ന് പോംപിയോ പ്രഖ്യാപിച്ചിരുന്നു. തെറ്റായ നയങ്ങളുടെ തടവുകാരനാണ് അമേരിക്കയെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ പോംപിയോയുടെ ഭീഷണിയെ ഇറാന്‍ വിദേശകാര്യ മന്ത്രി ജാവേദ് ശരീഫും അപലപിച്ചു.