ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ സഖ്യം ഒഴിഞ്ഞതിന് പിന്നാലെ ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍്ട്ടി എംപി ഹര്‍സിമ്രത് കൗര്‍. രാജ്യത്തെ പോറ്റുന്നവരു(കര്‍ഷകര്‍)ടെ അഭ്യര്‍ത്ഥനയോട് കണ്ണടയ്ക്കുകയാണ് കേന്ദ്രമെന്നും പഞ്ചാബിന്റെ താല്പര്യത്തിന് മുകളിലല്ല അകാലിദളിന് മറ്റൊന്നുമെന്നും ഹര്‍സിമ്രത്
കൗര്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാജിവെച്ച മുന്‍ കേന്ദ്രമമന്ത്രിയുടെ പ്രതികരണം. എന്‍.ഡി.എയില്‍ തുടക്കം മുതല്‍ക്ക് ഉള്ളതും അവിഭാജ്യവുമായ സഖ്യകക്ഷിയായ അകാലിദളിന് ചെവികൊടുക്കാത്ത ബി.ജെ.പി സഖ്യത്തില്‍ തുടരുന്നതില്‍ ഇനി കാര്യമില്ലെന്നും അവര്‍ വ്യക്തമാക്കി. മൂന്ന് കോടി പഞ്ചാബികളുടെ വേദനയും പ്രതിഷേധവും കണ്ടിട്ടും സര്‍ക്കാര്‍ കര്‍ക്കശമായ നിലപാടില്‍ നിന്ന് പിന്നോട്ട് പോകുന്നില്ലാ എന്നാണെങ്കില്‍ ഇത് ഇനിയൊരിക്കലും ‘വാജ്‌പേയി ജി’യോ ‘ബാദല്‍ സാഹബോ’ വിഭാവനം ചെയ്ത എന്‍.ഡി.എ ആയിരിക്കില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

വിവാദ കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് ബിജെപിക്കും മോദി സര്‍ക്കാറിനും കനത്ത തിരിച്ചടി നല്‍കി ശനിയാഴ്ച രാത്രിയാണ് പ്രമുഖ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ എന്‍ഡിഎ വിട്ടത്. ബില്ലിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായതോടെ അകാലിദളില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ പാര്‍ട്ടിതന്നെ സഖ്യം വിട്ടിരിക്കുന്നത്. ബില്ല് കര്‍ഷകവിരുദ്ധമാണെന്നും പാര്‍ട്ടി കര്‍ഷകര്‍ക്കൊപ്പമാണെന്നും ചൂണ്ടിക്കാണിച്ചാണ് അകാലിദളിന്റെ നടപടി.