ലാഹോര്‍: അമേരിക്കയുടെ സാമ്പത്തിക സഹായത്തോട് വിടപറയാന്‍ സമയമായെന്ന് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി ഷഹ്ബാസ് ശരീഫ്.
അമേരിക്കയില്‍നിന്ന് പണം വാങ്ങി അഫ്ഗാന്‍, നാറ്റോ സൈനികരെ കൊലപ്പെടുത്തുന്ന വിഘടനവാദികള്‍ക്ക് സുരക്ഷിത താവളം നല്‍കുകയാണ് പാകിസ്താനെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയാണ് ഷഹ്ബാസിനെ ചൊടിപ്പിച്ചത്. കോടിക്കണക്കിന് ഡോളറിന്റെ സഹായം സ്വീകരിച്ച് ഭീകരത്താവളങ്ങള്‍ക്കെതിരെ പാകിസ്താന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ട്രംപിന്റെ ആരോപണം അതിശയോക്തി കലര്‍ന്നതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭീകരതയുടെയും ദാരിദ്ര്യത്തിന്റെയും പിന്നോക്കാവസ്ഥയുടെയും കഷ്ടത അനുഭവിക്കുന്ന പാകിസ്താനികളുടെ മുറിവില്‍ ഉപ്പുപുരട്ടുകയാണ് അമേരിക്ക ചെയ്യുന്നത്. ദേശീയ, അന്തര്‍ദേശീയ വേദികളില്‍ പാകിസ്താനുനല്‍കുന്ന സഹായം പര്‍വ്വതീകരിച്ചാണ് യു.എസ് ഭരണകൂടം അവതരിപ്പിക്കുന്നതെന്നും ഷഹ്ബാസ് പറഞ്ഞു. ഇതുവരെയുള്ള പിന്തുണക്ക് സൗമ്യമായി നന്ദി പറഞ്ഞ് യു.എസ് സഹായത്തിന്റെ അധ്യായം അടക്കാന്‍ സമയമായിരിക്കുകയാണ്. ഇത്തരം ആക്ഷേപങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ അതാണ് ഏക പോംവഴിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ പ്രസ്താവനക്കെതിരെ പാകിസ്താനിലെ പ്രമുഖ നഗരങ്ങളില്‍ നിരവധി മത, രാഷ്ട്രീയ സംഘടനകള്‍ റാലി നടത്തി.
ലാഹോറില്‍ യു.എസ് കോണ്‍സലേറ്റിനു പുറത്ത് നടന്ന റാലിയില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു.