തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കണ്ടറികള്‍ക്ക് ഈ അധ്യയന വര്‍ഷം പുതിയ ബാച്ചുകള്‍ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. ഇത് സംബന്ധിച്ച് ഉത്തരവിറക്കി. പുതിയ ബാച്ചുകള്‍ അനുവദിക്കുന്നത് സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യതയാണെന്നാണ് നല്‍കുന്ന വിശദീകരണം.

കോവിഡ് കാരണം ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് നടക്കുന്നതെന്നും പൂര്‍ണതോതില്‍ ഓഫ്‌ലൈനിലേക്ക് വരാന്‍ സമയമെടുക്കുമെന്നുമാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. അതിനാല്‍ അധികം സീറ്റുകള്‍ അനുവദിച്ചിട്ടുണ്ട്. പുതിയ ബാച്ചുകള്‍ എന്നത് സര്‍ക്കാരിന് ബാധ്യതയാണ്-വിദ്യാഭ്യാസ വകുപ്പ് ഉത്തരവില്‍ പറയുന്നു.

ഓരോ ജില്ലകളും കേന്ദ്രീകരിച്ച് ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ ആവശ്യകത പരിശോധിക്കാന്‍ സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം മലപ്പുറം ജില്ലയില്‍ മാത്രം 167 അധിക ഹയര്‍സെക്കണ്ടറി ബാച്ചുകള്‍ വേണമെന്നായിരുന്നു കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സാമ്പത്തിക ബാധ്യത പറഞ്ഞ് ബാച്ചുകള്‍ അനുവദിക്കുന്നതില്‍ നിന്ന് കയ്യൊഴിയുന്നത്.