ബീജിങ്: യു.എന്‍ ഉപരോധങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ഉത്തരകൊറിയയില്‍നിന്നുള്ള ഇറക്കുമതി ചൈന നിര്‍ത്തിവെച്ചു. ഇരുമ്പ്, ഇരുമ്പയിര്, സമുദ്രഭക്ഷ്യോല്‍പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതിയാണ് നിര്‍ത്തിവെച്ചിരിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ട ഉത്തരകൊറിയയുടെ ഏക സഖ്യകക്ഷിയും വ്യാപാര പങ്കാളിയുമാണ് ചൈന. ലോകസമൂഹത്തെ ധിക്കരിച്ച് ആണവ, മിസൈല്‍ പരീക്ഷണങ്ങളുമായി മുന്നോട്ടുപോകുന്ന ഉത്തരകൊറിയക്കെതിരെ ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച പുതിയ ഉപരോധങ്ങളെ ചൈനയും അനുകൂലിച്ചിരുന്നു. ആണവായുധ പദ്ധതിയില്‍നിന്ന് ഉത്തരകൊറിയയെ പിന്തിരിപ്പിക്കുന്നതിന് ചൈനക്കുമേല്‍ അമേരിക്ക സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. ഉത്തരകൊറിയക്കെതിരെയുള്ള കടുത്ത നീക്കങ്ങളെ എതിര്‍ക്കുകയും വീറ്റോ ചെയ്ത് പരാജയപ്പെത്തുകയും ചെയ്യാറുള്ള ചൈന ഇത്തവണ യു.എന്‍ ഉപരോധങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയിരിക്കുകയാണ്. പുതിയ യു.എന്‍ പ്രമേയം പൂര്‍ണമായും നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. ചൈനയും ഇടഞ്ഞുനില്‍ക്കുന്നത് ഉത്തരകൊറിയക്ക് കനത്ത തിരിച്ചടിയാകും.