പ്യോങ്ങ്യാങ്: രാജ്യത്തെ ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ വളര്‍ത്തുനായ്ക്കളെ ഉപേക്ഷിക്കണമെന്ന് ഉത്തര കൊറിയ. വളര്‍ത്തു നായകളെ പിടികൂടി മൃഗശാലകളിലേക്കോ റസ്‌റ്റോറന്റുകളിലേക്കോ നല്‍കണമെന്ന് കിം ജോങ് ഉന്‍ ആവശ്യപ്പെട്ടു.

രാജ്യത്ത് വളര്‍ത്തു മൃഗങ്ങളെ സ്വന്തമാക്കുന്നത് കഴിഞ്ഞ ജൂലൈയില്‍ നിയമ വിരുദ്ധമാക്കി പ്രഖ്യാപിച്ചിരുന്നു. പിന്നാലെ വളര്‍ത്തു മൃഗങ്ങളുള്ള വീടുകള്‍ കണ്ടെത്തുകയും അവയെ നിര്‍ബന്ധിച്ച് ഉപേക്ഷിക്കാന്‍ വീട്ടുടമകളോട് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് പുതിയ നടപടി.

ആണവ മിസൈല്‍ പദ്ധതിയെ തുടര്‍ന്നുള്ള അന്താരാഷ്ട്ര ഉപരോധം മൂലം കടുത്ത ഭക്ഷ്യ ക്ഷാമമാണ് ഉത്തര കൊറിയ നേരിടുന്നത്. 25.5 ദശലക്ഷം ജനങ്ങളില്‍ 60 ശതമാനവും വ്യാപകമായ ഭക്ഷ്യക്ഷാമം നേരിടുന്നുവെന്നാണ് യുഎന്നിന്റെ കണക്കുകള്‍ പറയുന്നത്.

കോവിഡ് മൂലം ചൈനയുമായുള്ള അതിര്‍ത്തി കൂടി അടച്ചതോടെ ഭക്ഷ്യ ക്ഷാമം രൂക്ഷമാക്കി. കൂടാതെ പ്രളയവും പ്രകൃതി ദുരന്തങ്ങള്‍ അടക്കമുള്ള പ്രശ്‌നങ്ങളും കാര്‍ഷിക മേഖലയെ തകിടം മറിച്ചു.