വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ പ്രശ്‌നം പരിഹരിക്കുന്നതിന് നയതന്ത്ര സാധ്യതകള്‍ തള്ളിക്കളയുന്നില്ലെന്ന് അമേരിക്കന്‍ പ്രതിരോധ സെക്ട്രറി ജെയിംസ് മാറ്റിസ്. ഉത്തരകൊറിയയുടെ സൈനിക മോഹങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരമുണ്ടാവില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ്് ട്രംപ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുശേഷമാണ് മാറ്റിസ് അനുരഞ്ജന പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുന്നത്.
ജപ്പാനു മുകളിലൂടെ ഉത്തരകൊറിയ മിസൈല്‍ പ്രയോഗിച്ചതോടെ മേഖലയിലെ സംഘര്‍ഷ സ്ഥിതി കൂടുതല്‍ വഷളായിരിക്കുകയാണ്. ട്രംപിന്റെ നിരാശാജനകമായ പ്രസ്താവന അമേരിക്കക്ക് നയതന്ത്ര പ്രതീക്ഷ നഷ്ടപ്പെട്ടതിന്റെ സൂചനയാണോ എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു മാറ്റിസിന്റെ മറുപടി. പെന്റഗണില്‍ ദക്ഷിണകൊറിയന്‍ പ്രതിരോധ മന്ത്രി സോങ് യങ് മൂവുമായി മാറ്റിസ് ചര്‍ച്ച നടത്തിയിരുന്നു. യുദ്ധം പരമാവധി ഒഴിവാക്കണമെന്നാണ് ദക്ഷിണകൊറിയ ആവശ്യപ്പെടുന്നത്. ഞങ്ങളുടെ അതിര്‍ത്തികളുടെയും ജനങ്ങളുടെയും താല്‍പര്യങ്ങളുടെയും സംരക്ഷണത്തിന് മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്നും കൂട്ടുത്തരവാദിത്ത ബോധത്തോടെ അമേരിക്കയും ദക്ഷിണകൊറിയയും ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നും മാറ്റിസ് വ്യക്തമാക്കി. ഉത്തരകൊറിയക്കെതിരെ സൈനിക നടപടിക്ക് മുതിരുന്നതിനെതിരെ റഷ്യ അമേരിക്കക്ക് മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. അപകടകരമായ അത്തരം നീക്കങ്ങള്‍ വന്‍ ദുരന്തങ്ങളുണ്ടാക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് മുന്നറിയിപ്പുനല്‍കി. മേഖലയില്‍ അമേരിക്കയുടെ സൈനിക പ്രവര്‍ത്തനങ്ങളാണ് സംഘര്‍ഷം വര്‍ധിക്കാന്‍ കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്രസഭ ഉപരോധങ്ങള്‍ ശക്തമാക്കുന്നത് പ്രതികൂല ഫലമാണുണ്ടാക്കുകയെന്നും ലാവ്‌റോവ് പറഞ്ഞു. ജപ്പാനു മുകളിലൂടെയുള്ള മിസൈല്‍ പരീക്ഷണത്തെ യു.എന്‍ രക്ഷാസമിതി ഏകകണ്‌ഠ്യേന അപലപിച്ചിരുന്നു. ജപ്പാന്‍ തങ്ങളുടെ പ്രഖ്യാപിത ശത്രുവാണെന്ന് ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ വ്യക്തമാക്കി. അമേരിക്കയുമായി സഹകരിക്കുന്നത് ജപ്പാനെ സ്വയം തകര്‍ച്ചയിലേക്ക് തള്ളിവിടുമെന്നും കെസിഎന്‍എ മുന്നറിയിപ്പുനല്‍കി.