500-ന്റെയും 1000-ന്റെയും നോട്ടുകള്‍ പിന്‍വലിച്ച് രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാക്കിയ ശേഷം പ്രധാനമന്ത്രി ജപ്പാനില്‍ പോയി ഒപ്പുവെച്ച ആണവ കരാര്‍ രാജ്യതാല്‍പര്യത്തിന് എതിരെയുള്ളത്. ആണവ പരീക്ഷണം നടത്താനുള്ള രാജ്യത്തിന്റെ സ്വാതന്ത്ര്യം അടിയറവു വെച്ചാണ് മോദി കൊട്ടിഘോഷിച്ച ‘ആണവ കരാറില്‍’ ഒപ്പുവെച്ചതെന്ന് ‘ദി ഹിന്ദു’ ദിനപത്രത്തിലെ നയതന്ത്രകാര്യ പത്രാധിപര്‍ സുഹാസിനി ഹൈദര്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ മകള്‍ കൂടിയാണ് സുഹാസിനി.

രാജ്യതാല്‍പര്യം അടിയറ വെച്ചത് മോദിയുടെ സാന്നിധ്യത്തില്‍

ആണവ രംഗത്ത് പരസ്പര സഹായം ഉറപ്പുവരുത്തുന്നതും ജപ്പാനില്‍ നിന്ന് ആണവ സാമഗ്രികള്‍ ഇറക്കുമതി ചെയ്യാന്‍ സഹായകമാകുന്നതുമായ കരാറിലാണ് മോദിയും ജപ്പാന്‍ പ്രധാനന്ത്രി ഷിന്‍സോ ആബെയും ഒപ്പുവെച്ചത്. കരാറിനു പിന്നാലെ ഇരുപ്രധാനമന്ത്രിമാരുടെയും സാന്നിധ്യത്തില്‍ ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ഒപ്പുവെച്ച ‘ ‘Note on Views and Understanding’ എന്ന രേഖയാണ് വിവാദമായിരിക്കുന്നത്.

ഇന്ത്യ ആണവ പരീക്ഷണം നടത്തുകയാണെങ്കില്‍ മുന്നറിയിപ്പില്ലാതെ സഹകരണം നിര്‍ത്താനും ഇന്ത്യയെ കോടതി കയറ്റാനും ജപ്പാനെ അനുവദിക്കുന്ന വ്യവസ്ഥകള്‍ ഈ രേഖയിലുണ്ട്. പരീക്ഷണ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന കാര്യങ്ങള്‍ ഉപാധിയായി വെച്ചുകൊണ്ട് ഇതാദ്യമായാണ് ഇന്ത്യ കരാര്‍ ഒപ്പിടുന്നത്.

നിസാരമെന്ന് ഇന്ത്യ, അല്ലെന്ന് ജപ്പാന്‍

വിവാദ രേഖയെ അംഗീകരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അത് നിസ്സാരമാണെന്നും, ആണവാക്രമണം നേരിട്ട രാജ്യമെന്ന നിലയില്‍ ജപ്പാന്റെ ആശങ്കകള്‍ മാത്രമാണ് അതിലുള്ളതെന്നും പറയുന്നതായി സുഹാസിനി ചൂണ്ടിക്കാട്ടുന്നു. ജപ്പാന്‍ പാര്‍ലമെന്റിനെ കാര്യങ്ങള്‍ എളുപ്പത്തില്‍ ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയുള്ളതാണ് ഈ രേഖയെന്നും സര്‍ക്കാര്‍ പ്രതിനിധികള്‍ പറയുന്നു.

അതേസമയം, ഇതൊരു നിസ്സാര രേഖയല്ലെന്നാണ് ജപ്പാന്റെ നിലപാട്. ഇന്ത്യക്കു വേണ്ടി അമന്‍ദീപ് സിങ് ഗില്‍ ഒപ്പുവെച്ച രേഖ, ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറില്‍ നിര്‍ണായകമാണെന്ന് ജപ്പാന്‍ പ്രതിനിധി പറയുന്നു. ഇന്ത്യ ആണവ പരീക്ഷണം നടത്തിയാല്‍ ജപ്പാന്‍ കരാര്‍ റദ്ദാക്കുമെന്നും രേഖയിലെ വ്യവസ്ഥ പ്രകാരം ഇന്ത്യക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

‘കരാര്‍ പ്രകാരമുള്ള സഹകരണവും മറ്റു കാര്യങ്ങളും റദ്ദാക്കാന്‍ ജപ്പാന് അവകാശമുണ്ടെന്നാണ (രേഖയിലെ) ആര്‍ട്ടിക്കിള്‍ 14 പറയുന്നത്. ഇന്ത്യ ആണവ പരീക്ഷണം നടപ്പാക്കിയാല്‍ ജപ്പാന് അത് പ്രയോഗിക്കാനാവുമെന്ന് ഇരു ഗവണ്‍മെന്റുകളും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ട്.’