ന്യൂഡല്‍ഹി: പാവങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി നടപ്പാക്കാന്‍ രാജ്യത്തെ സാധാരണക്കാര്‍ക്കുമേല്‍ പുതിയ നികുതി ഭാരം കെട്ടിവെക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പദ്ധതി നടപ്പാക്കും. ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. സാമ്പത്തിക കുറ്റവാളികളില്‍നിന്നും വന്‍കിട കോര്‍പ്പറേറ്റുകളില്‍നിന്നുമായിരിക്കും പദ്ധതി നടപ്പാക്കുന്നതിനുള്ള ഫണ്ട് കണ്ടെത്തുകയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പുനെയിലെ വിവിധ കോളജുകളിലേയും വാഴ്‌സിറ്റികളിലേയും വിദ്യാര്‍ത്ഥികളുമായി സംവദിക്കവെ, സദസ്സില്‍നിന്നുള്ള ചോദ്യത്തിന് മറുപടിയായാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തെ 15 അതിസമ്പന്നരുടെ മൂന്നര ലക്ഷം കോടി രൂപക്കുള്ള വായ്പയാണ് എഴുതിത്തള്ളിയത്. പൊതുഖജനാവിനെയാണ് ഇതിനായി കൊള്ളയടിച്ചത്. ഇത്രയും തുക മതി, സ്വപ്‌ന പദ്ധതിയായ ന്യൂനതം ആയ് യോജന (ന്യായ്) നടപ്പാക്കാനെന്നും രാഹുല്‍ പറഞ്ഞു. ഹദാപ്‌സറിലെ മഹാലക്ഷ്മി ലോണ്‍സില്‍ നടന്ന പരിപാടിയില്‍ 4,000ത്തിലധികം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് നേരിട്ട് മറുപടി നല്‍കിക്കൊണ്ടാണ് രാഹുല്‍ സദസ്സിന്റെ മനം കവര്‍ന്നത്. റേഡിയോ ജോക്കി മലിഷ്‌കയും നടന്‍ സുഭോദ് ഭാവെയുമായിരുന്നു പരിപാടിയുടെ മോഡറേറ്റര്‍മാര്‍.
വ്യക്തിപരവും രാഷ്ട്രീയവുമായ വിദ്യാര്‍ത്ഥികളുടെ എല്ലാ ചോദ്യങ്ങള്‍ക്കും രാഹുല്‍ മറുപടി നല്‍കി. സംസാരത്തിലുടനീളം പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബി.ജെ. പിയേയും ഭരണ കക്ഷിയുടെ കോര്‍പ്പറേറ്റ് പ്രീണന നയങ്ങളേയും രൂക്ഷമായി കടന്നാക്രമിച്ചായിരുന്നു ഓരോ ചോദ്യങ്ങള്‍ക്കുമുള്ള രാഹുലിന്റെ മറുപടി.

വായ്പ എഴുതിത്തള്ളല്‍
ന്യായ് പദ്ധതിക്ക് എങ്ങനെ ഫണ്ട് കണ്ടെത്തുമെന്ന ചോദ്യത്തിന് അനില്‍ അംബാനിയും നീരവ് മോദിയും രാജ്യത്ത് എത്ര പേര്‍ക്ക് തൊഴില്‍ നല്‍കിയെന്ന മറു ചോദ്യവുമായാണ് രാഹുല്‍ മറുപടി പറഞ്ഞു തുടങ്ങിയത്. ഇവിടെയുള്ള വിദ്യാര്‍ത്ഥികളില്‍ എത്ര പേരുടെ വിദ്യാഭ്യാസ വായ്പകള്‍ കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളി. നിങ്ങളുടെ പേര് അനില്‍ അംബാനിയും നീരവ് മോദിയുമാണോ, എങ്കില്‍ നിങ്ങളുടെ വായ്പകള്‍ എഴുതിത്തള്ളും. അതല്ല, നിങ്ങള്‍ കര്‍ഷകനോ വിദ്യാര്‍ത്ഥിയോ ആണോ, നിങ്ങളുടെ വായ്പകള്‍ ഒരിക്കലും എഴുതിത്തള്ളില്ല. ഫണ്ടിന്റെ അഭാവമല്ല ഇവിടെ പ്രശ്‌നം. നമ്മുടെ ബാങ്കിങ് സംവിധാനത്തിനു മേല്‍ ആധിപത്യം പുലര്‍ത്തുന്നത് ആരാണോ, അവര്‍ക്കാണ് ആനുകൂല്യങ്ങള്‍ നല്‍കപ്പെടുന്നത്- രാഹുല്‍ പറഞ്ഞു.

പ്രകടന പത്രിക ജനങ്ങളുടെ സ്വപ്‌നം
രാജ്യത്തെ ജനങ്ങളുടെ സ്വപ്‌നങ്ങളും ലക്ഷ്യങ്ങളുമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയെന്ന് രാഹുല്‍. കോണ്‍ഗ്രസിന്റെ സ്വപനമല്ല, രാജ്യത്തെ ജനങ്ങളുടെ സ്വപ്‌നമാണ്. ആ സ്വപ്‌നങ്ങളെ തൊട്ടറിയാന്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികളിലേക്ക്, കര്‍ഷകരിലേക്ക്, അഭിഭാഷകരിലേക്ക്, സംരംഭകരിലേക്ക് ഇറങ്ങിച്ചെന്നു. അവരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ന്യായ് എന്ന ആശയം പോലും വന്നത് കോണ്‍ഗ്രസ് നേതാക്കളില്‍നിന്നല്ല. രാജ്യത്തെ ജനങ്ങളില്‍നിന്നാണ്- രാഹുല്‍ പറഞ്ഞു.

മോദിയോട് വെറുപ്പില്ല
പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തനിക്ക് വെറുപ്പൊന്നുമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍. അദ്ദേഹത്തിന്റെ നിലപാടുകളോട് വിയോജിപ്പുണ്ട്. എന്നാല്‍ വ്യക്തിപരമായ വെറുപ്പല്ല. എന്നാല്‍ തന്നോട് അദ്ദേഹത്തിന് അങ്ങനെയാണെന്ന് കരുതുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

നോട്ടു നിരോധനം നശീകരണ ആശയം
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന നശീകരണ സ്വഭാവമുള്ള ആശയമായിരുന്നു നോട്ടു നിരോധനമെന്ന് മറ്റൊരു വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് മറുപടിയായി രാഹുല്‍ ഗാന്ധി പറഞ്ഞു. ഏത് സാമ്പത്തിക വിദഗ്ധനോടും ഇതേക്കുറിച്ച് ചോദിക്കാം. ഭീകരമായ പ്രത്യാഘാതമാണ് അത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്കുമേല്‍ ഏല്‍പ്പിച്ചത്. ആയിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടമായി. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച (ജി.ഡി.പി) രണ്ടു ശതമാനം കുറഞ്ഞു. അതിജയിക്കാനാവാത്ത മുറിവാണ് അത് രാജ്യത്തിന് സമ്മാനിച്ചത്. ആ മുറിവുമായി ജീവിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും നമുക്ക് മുന്നിലില്ല.

ആരോഗ്യം, വിദ്യാഭ്യാസം
കേന്ദ്രസര്‍ക്കാറിനു കീഴില്‍ 22 ലക്ഷം പോസ്റ്റുകളാണ് ജീവനക്കാരെ നിയമിക്കാതെ ഒഴിച്ചിട്ടിരിക്കുന്നത്. കാര്യക്ഷമമായ പൊതുമേഖലാ സ്ഥാപനങ്ങളിലൂടെ മാത്രമേ രാജ്യത്തിന്റെ വിദ്യാഭ്യാസ, ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനാവൂ. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ഗുണനിലവാരമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൊണ്ടുവരുന്നതില്‍ എന്‍.ഡി.എ സര്‍ക്കാര്‍ പരാജയപ്പെട്ടു. സ്വകാര്യ വല്‍ക്കരണത്തിലൂടെ ഈ മേഖലയിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നായിരുന്നു സര്‍ക്കാര്‍ കണക്കുകൂട്ടല്‍. യു.പി.എ അധികാരത്തില്‍ എത്തിയാല്‍ വിദ്യാഭ്യാസ മേഖലക്ക് നീക്കിവെക്കുന്ന തുക ജി.ഡി.പിയുടെ ആറ് ശതമാനമായി ഉയര്‍ത്തും.

ഒരു ദിവസം നഷ്ടമാകുന്നത് 27,000 തൊഴില്‍
രാജ്യത്ത് ഓരോ 24 മണിക്കൂറിലും നഷ്ടമായിക്കൊണ്ടിരിക്കുന്നത് 27,000 തൊഴില്‍ അവസരങ്ങളാണ്. അയല്‍ രാജ്യമായ ചൈന പ്രതിദിനം 50,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമ്പോഴാണ് മോദി ഭരണത്തിലെ ഈ ദുരവസ്ഥ. കഴിവും ശേഷിയുമുള്ള വ്യക്തികള്‍ക്ക് അവ ഉപയോഗിക്കാനുള്ള അവസരങ്ങള്‍ നിഷേധിക്കുന്നു. സാമ്പത്തികമായും രാഷ്ട്രീയമായുമുള്ള പിന്തുണയുണ്ടെങ്കില്‍ മാത്രമേ അത്തരം ശേഷികള്‍ ഉപയോഗപ്പെടുത്താനാവൂ.

33 ശതമനം സ്ത്രീ സംവരണം
യു.പി.എ അധികാരത്തില്‍ എത്തിയാല്‍ ലോക്‌സഭ, രാജ്യസഭ, വിവിധ സംസ്ഥാന നിയമസഭകള്‍ എന്നിവിടങ്ങളില്‍ 33 ശതമാനം സ്ത്രീസവരണം നടപ്പാക്കുമെന്ന് രാഹുല്‍ പറഞ്ഞു. ഇതിനു പുറമെ കേന്ദ്ര സര്‍ക്കാര്‍ ജോലികളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം കൊണ്ടുവരും.

നീതി ആയോഗ് പിരിച്ചുവിടും
മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നീതി ആയോഗ് യു.പി.എ അധികാരത്തില്‍ എത്തിയാല്‍ പിരിച്ചുവിടുമെന്ന് രാഹുല്‍ വ്യക്തമാക്കി. പകരം ആസൂത്രണ കമ്മീഷന്‍ പുനഃസ്ഥാപിക്കും. രണ്ടും തമ്മില്‍ വലിയ അന്തരമുണ്ട്. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ തന്ത്രപരമായി രാജ്യത്തിന്റെ ആവശ്യങ്ങളെ കണ്ടറിഞ്ഞ് പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ ശേഷിയുള്ള സ്ഥാപനമാണ് ആസൂത്രണ കമ്മീഷന്‍. എന്നാല്‍ നീതി ആയോഗ് ദേശീയ തലത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന സ്ഥാപനമാണ്.

വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍
വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളും ബോധന രീതികളും സംബന്ധിച്ച് സംവാദങ്ങള്‍ ഉയര്‍ന്നുവരണമെന്ന് രാഹുല്‍ പറഞ്ഞു. അത്തരം വിമര്‍ശനങ്ങളെ ക്രിയാത്മകമായി ഉള്‍കൊള്ളാന്‍ തനിക്കു കഴിയും. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രിക്ക് അങ്ങനെയല്ല. ഇത്തരം വിമര്‍ശനങ്ങളെ അദ്ദേഹം സ്വാഗതം ചെയ്യില്ല. താന്‍ മാത്രമാണ് എല്ലാം അറിയുന്നവനെന്നും മറ്റുള്ളവരെല്ലാം ഒന്നും അറിയാത്തവരാണെന്നുമാണ് അദ്ദേഹത്തിന്റെ ധാരണ.

ബാലാകോട്ട്: ക്രഡിറ്റ് വ്യോമസേനക്ക്
ബാലാകോട്ടിലെ ജെയ്‌ഷെ മുഹമ്മദ് ഭീകര ക്യാമ്പുകള്‍ക്കു നേരെ നടന്ന മിന്നലാക്രമണത്തിന്റെ പൂര്‍ണ ക്രഡിറ്റ് ഇന്ത്യന്‍ വ്യോമസേനക്കാണെന്ന് രാഹുല്‍ ഗാന്ധി. ആര്‍ക്കാണ് ബാലാകോട്ട് നടപടിയുടെ ക്രഡിറ്റെന്ന വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിനായിരുന്നു രാഹുലിന്റെ പ്രതികരണം. സൈനിക നടപടിയെ രാഷ്ട്രീയ വല്‍ക്കരിക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. താനത് ചെയ്യുകയുമില്ല. മോദി അങ്ങനെ ചെയ്യുന്നത് അദ്ദേഹത്തിന്റെ ചോയിസ് ആണ്. അത് ജനത്തിനറിയാം.

60 നല്ല വിരമിക്കല്‍ പ്രായം
രാഷ്ട്രീയക്കാര്‍ക്ക് വിരമിക്കല്‍ പ്രായം വേണമെന്ന് ചിന്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, 60 നല്ല വിരമിക്കല്‍ പ്രായമാണെന്നായിരുന്നു രാഹുലിന്റെ കമന്‍ഡ്.