പാരിസ്: ടുളൂസിനെതിരായ മത്സരം തുടങ്ങുന്നതിന് മുമ്പ് നെയ്മര്‍ കരഞ്ഞു. ബാഴ്സലോണയിലെ ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്കായി ഒരു നിമിഷം മൗനമാചരിച്ചിരിക്കുമ്പോഴാണ് താരം വിതുമ്പിയത്. മൈതാനമൊട്ടാകെയായിരുന്നു മൗനപ്രാര്‍ത്ഥന നടത്തിയത്. കണ്ണ് കൈകള്‍ കൊണ്ട് മറച്ചുപിടിച്ചാണ് ബാഴ്സയിലെ ദുരന്തത്തെ ഓര്‍ത്ത് നെയ്മര്‍ വിതുമ്പിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എല്ലാവരും പങ്കുവെച്ചു. നേരത്തെ ബാഴ്‌സലോണയ്ക്കായി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലും നെയ്മര്‍ രംഗത്ത് വന്നിരുന്നു.

ബാഴ്സ ആരാധരെ ഏറ്റവും കൂടുതല്‍ നിരാശരാക്കിയ സംഭവമായിരുന്നു നെയ്മറിന്റെ പി.എസ്.ജിയിലേക്കുള്ള കൂടുമാറ്റം. സങ്കടത്തോടെയാണ് ആ വാര്‍ത്ത ബാഴ്സ ആരാധകര്‍ ശ്രവിച്ചത്. ടീം മാറിയതിന്റെ സങ്കടം നെയ്മറിന്റെ മനസ്സിലുമുണ്ടായിരുന്നു. ബാഴ്സയിലെ ആരാധകരെ നെയ്മറിന് ഒരിക്കലും മറക്കാനാവില്ല. തനിക്ക് ബാഴ്സലോണയെന്ന നഗരത്തോട് എത്രത്തോളം സ്നേഹമുണ്ടെന്ന് ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിക്ക് വേണ്ടി കളിത്തിലിറങ്ങിയപ്പോള്‍ നെയ്മര്‍ തെളിയിച്ചു.

മത്സരത്തില്‍ രണ്ട് ഗോള്‍ അടിക്കുകയും രണ്ട് ഗോളിന് വഴിയൊരുക്കുകയും ചെയ്തു നെയ്മര്‍. 222 മില്യണ്‍ യൂറോയെന്ന റെക്കോഡ് തുകയ്ക്ക് പി.എസ്.ജിയിലെത്തിയ നെയ്മര്‍ ഫ്രഞ്ച് ടീമിന്റെ പ്രതീക്ഷയ്ക്കൊത്ത പ്രകടനം തന്നെയാണ് പുറത്തെടുത്തത്.