കൊച്ചി: പി.ഡി.പി സംസ്ഥാന വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ടു ദിവസമായി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഖബറടക്കം ഇന്ന് രാവിലെ 10ന് കോട്ടയം കരിപ്പാടം ജുമാമസ്ജിദ് ഖബറിസ്ഥാനില്‍. പി.ഡി.പിയുടെ രൂപീകരണ കാലം മുതല്‍ സജീവ രാഷ്ട്രീയ രംഗത്തുണ്ടായിരുന്ന ഇദ്ദേഹം പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനവും എറണാകുളം ജില്ലാ പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു.

കോട്ടയം വൈക്കം തലയോലപമ്പ് കരിപ്പാടം കണ്ണംതറയില്‍ പരേതനായ മുഹമ്മദാലി മൗലവിയുടെയും ഖദീജയുടേയും മകനാണ്. വര്‍ഷങ്ങളായി ആലുവയിലായിരുന്നു താമസം. ഭാര്യ: ആയിഷ. മക്കള്‍: സാജിദ, അസ്‌ലം (ശ്രീനാരായണ ലോ കോളജ്, പൂത്തോട്ട). മരുമകന്‍: ജാബിര്‍. സഹോദരങ്ങള്‍: അബ്ദുല്‍ ഷുക്കൂര്‍, ഷെമീര്‍ ഇസ്‌ലാഹി, ബീമ ബീവി, അബ്ദുല്‍ സത്താര്‍. നിര്യാണത്തില്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി അനുശോചനം രേഖപ്പെടുത്തി. എല്ലാ പ്രതിസന്ധി ഘട്ടത്തിലും തന്നോടൊപ്പം അടിയുറച്ച് നിന്ന വിശ്വസ്തനായ പൊതുപ്രവര്‍ത്തകനായിരുന്നു സുബൈര്‍ സബാഹിയെന്ന് മഅ്ദനി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.