മസ്‌കറ്റ്: ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഭാര്യ ആദ്യമായി പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടു. ഒമാനി വനിതകളുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് സുല്‍ത്താന്റെ ഭാര്യ അഹദ് ബിന്‍ത് അബ്ദുല്ല ബിന്‍ ഹമദ് അല്‍ ബുസൈദിയ പൊതുവില്‍ പ്രത്യക്ഷപ്പെട്ടത്.

മസ്‌കറ്റിലെ സീബ് പാലസില്‍ നടന്ന ചടങ്ങില്‍ രാജ്യത്തിനായി പ്രവര്‍ത്തിക്കുന്ന ഒമാനി വനിതകള്‍ക്ക് പ്രഥമ വനിത മെഡലുകള്‍ നല്‍കി.

രാജ്യത്ത് സ്ത്രീകള്‍ ആര്‍ജിച്ച നേട്ടത്തെ കുറിച്ച് അവര്‍ ചടങ്ങില്‍ സംസാരിച്ചു.

ദേശനിര്‍മാണത്തില്‍ സ്ത്രീകള്‍ കാര്യക്ഷമമായി പങ്കെടുക്കുന്ന സ്ഥിതിയുണ്ടായിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. കോവിഡിനെതിരായ പോരാട്ട പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ അവര്‍ പ്രത്യേകം അഭിനന്ദിച്ചു.