പട്‌ന: പുതിയ ബിഹാര്‍ നിയമസഭയില്‍ മേല്‍ജാതിക്കാര്‍ക്ക് വ്യക്തമായ മേധാവിത്വം. സമാജികരില്‍ നാലില്‍ ഒരാള്‍ സവര്‍ണാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. 243 അംഗ സഭയില്‍ 64 പേരാണ് മേല്‍ജാതിക്കാര്‍. ഇതില്‍ 45 പേരും എന്‍ഡിഎയില്‍ നിന്നുള്ളവരാണ്. ബിജെപിയില്‍ നിന്ന് 33 പേരും ജെഡിയുവില്‍ നിന്ന് ഒമ്പത് പേരും. വിഐപിയുടെ രണ്ടും എച്ച്എഎം-എസിന്റെ ഒരാളും സവര്‍ണനാണ്.

മഹാസഖ്യത്തില്‍ നിന്ന് 17 ഉയര്‍ന്ന ജാതിക്കാരാണ് സഭയിലെത്തിയത്. കോണ്‍ഗ്രസിനും ആര്‍ജെഡിക്കും എട്ടു വീതം. സിപിഐയില്‍ നിന്ന് ഒരാളും. എല്‍ജെപിയുടെ ഏക അംഗം രാജ് കുമാര്‍ സിങും സ്വതന്ത്രന്‍ സുമിത് കുമാര്‍ സിങും മേല്‍ജാതിയാണ്.

രജ്പുത്, ഭൂമിഹാര്‍, ബ്രാഹ്മണര്‍, കയസ്ഥ എന്നിവരാണ് സംസ്ഥാനത്തെ ഉയര്‍ന്ന ജാതിക്കാര്‍. 64 മേല്‍ജാതിക്കാരില്‍ 28 പേര്‍ രജ്പുതുകളാണ്. 21 ഭൂമിഹാറുകളും 12 ബ്രാഹ്മണരും മൂന്ന് കയസ്ഥരും.

2015ല്‍ 52 മേല്‍ജാതിക്കാര്‍ മാത്രമാണ് സഭയില്‍ ഉണ്ടായിരുന്നത്. നിലവില്‍ 12 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 2105ല്‍ 20 മേല്‍ജാതി സമാജികര്‍ രജ്പുത് വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു. 18 ഭൂമിഹാറുകളും 11 ബ്രാഹ്മണരും മൂന്ന് കയസ്ഥരും.

സഭയിലെ മുസ്‌ലിം പ്രാതിനിധ്യത്തിലും വലിയ കുറവുണ്ടായി. ഇത്തവണ 19 മുസ് ലിംകളാണ് സഭയിലെത്തിയത്. കഴിഞ്ഞ തവണ ഇത് 24 പേരായിരുന്നു. യാദവരിലും കുറവുണ്ടായി. കഴിഞ്ഞ തവണ 61. ഇത്തവണ 52. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജാതിയായ കുര്‍മി വിഭാഗത്തില്‍ നിന്നുള്ളവരുടെ എണ്ണവും കുറഞ്ഞു. 12ല്‍ നിന്ന് ഇത് ഒന്‍പതായി. കൊയ്‌രി സമുദായ പ്രാതിനിധ്യം 20ല്‍ നിന്ന് 16 ആയി.