തിരുവനന്തപുരം: തൃത്താലയിലെ ബലറാമിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. സംഭവത്തില്‍ ശക്തമായ പ്രതികരണമുണ്ടാകുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബല്‍റാമിനെതിരെയുണ്ടായ ആക്രമണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എ.കെ.ജിക്കെതിരെ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ബലറാമിനെ തടയുക, ചീമുട്ട എറിയുക ഇതൊക്കെ ശരിയാണോ? ബല്‍റാമിന്റെ പരാമര്‍ശം ഒഴിവാക്കാമായിരുന്നുവെന്ന് എന്നു മാത്രമാണ് കോണ്‍ഗ്രസ് പറഞ്ഞത്. അങ്ങനെ പറഞ്ഞത് ബല്‍റാം പറഞ്ഞത് തെറ്റാണ് എന്നുള്ളത്‌കൊണ്ടല്ല. ഒരോ വ്യക്തിക്കും സ്വാതന്ത്രമുണ്ടല്ലോ. ബല്‍റാം ബല്‍റാമിന്റെ അഭിപ്രായം പറഞ്ഞു. പാര്‍ട്ടി പാര്‍ട്ടിയുടേതായ നിലപാട് എടുത്തു വെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ബല്‍റാമിന് നേരെയുള്ള അക്രമം ഫാസിസ്റ്റ് നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. വ്യക്തിയുടെ സഞ്ചാര സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവക്കെതിരായ നടപടി അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആക്രമണത്തില്‍ പ്രതികരണവുമായി ബല്‍റാം രംഗത്തെത്തി. ഗോപാലസേനക്ക് കീഴടങ്ങില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തന്നെ സംരക്ഷിച്ച യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നന്ദിയെന്ന് ബല്‍റാം കുറിപ്പില്‍ പറഞ്ഞു.