മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലിറങ്ങിയ ഒപ്പം കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് മുന്നേറുന്നു. സെപ്തംബര്‍ 8ന് തിയേറ്ററിലെത്തിയ ചിത്രം മോഹന്‍ലാലിന്റെ തന്നെ ദൃശ്യത്തിന്റെ റെക്കോര്‍ഡാണ് തിരുത്തിയെഴുതിയത്. തിയേറ്ററുകളെ ഇളക്കി മറിച്ച് മുന്നേറിയ ചിത്രം 22 ദിവസം കൊണ്ടുതന്നെ 30 കോടി കളക്ഷന്‍ പിന്നിട്ടിരുന്നു. മലയാളത്തിലെ എക്കാലത്തെയും കളക്ഷന്‍ റെക്കോര്‍ഡാണിത്.

കഴിഞ്ഞ വാരമിറങ്ങിയ മോഹന്‍ലാലിന്റെ തന്നെ പുലിമുരുകന്‍ മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന്‍ എന്നീ പടങ്ങള്‍ക്കൊപ്പം ദൃശ്യം ഇപ്പോഴും പ്രമുഖ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. ഇപ്പോള്‍ 34 ദിനങ്ങള്‍ പിന്നിട്ട ചിത്രം 50 കോടി പിന്നിടുന്ന ആദ്യ മലയാള ചിത്രമാകുമോ എന്നാണ് ഇനി അറിയാനുള്ളത്. ഇതിനകം 45 കോടി പിന്നിട്ടുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കേരളത്തിലെ വിവിധ തിയേറ്ററുകളില്‍ നിന്നായി 35 കോടി നേടിയ ചിത്രം മറ്റു സംസ്ഥാനങ്ങളിലെ പ്രദര്‍ശനങ്ങളില്‍ നിന്ന് 3 കോടിയും സ്വന്തമാക്കി. യുഎസ്- യുകെ രാജ്യങ്ങളില്‍ നിന്ന് 1.1 കോടി, യുഎഇ- 4.36 കോടി, മറ്റു ജിസിസി രാജ്യങ്ങളില്‍ നിന്ന് 1.35 കോടി രൂപ എന്നിങ്ങനെയാണ് ഇതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡ്.