ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ ആരോപണ വിധേയനായിരുന്ന സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിചാരണ കേട്ടിരുന്ന പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ജസ്റ്റിസ് ബി.എച്ച് ലോയയുടെ ദുരൂഹമരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം.
ജസ്റ്റിസ് ലോയയുടെ മരണത്തില്‍ നീതിപൂര്‍വമായ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സമീപിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കേസ് സി.ബി.ഐക്കോ, എന്‍.ഐ.എക്കോ നല്‍കാതെ സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ഇതിനു പുറമെ ജസ്റ്റിസ് ലോയയുടെ വിശ്വസ്തരായ രണ്ടു പേരുടെ മരണം അന്വേഷിക്കണമെന്നും പ്രതിപക്ഷം രാഷ്ട്രപതിയോട് ആവശ്യപ്പെടും. ജസ്റ്റിസ് ലോയയുടെ മരണത്തെ കുറിച്ചുള്ള കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് 100ല്‍ അധികം എം.പിമാരും നേതാക്കളും ഒപ്പിട്ട മൂന്നു പേജുള്ള കത്ത് രാഷ്ട്രപതിക്കു കൈമാറും. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ടു ബന്ധുക്കളുടേതായി പുറത്തു വന്ന വെളിപ്പെടുത്തലുകളെക്കുറിച്ചും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജസ്റ്റിസ് ലോയയുടെ വിശ്വസ്തനായിരുന്ന അഭിഭാഷകന്‍ ശ്രീകാന്ത് ഖണ്ഡാല്‍കര്‍ 2015 നവംബര്‍ 29ന് എട്ടു നില കെട്ടിടത്തില്‍ നിന്നു വീണാണ് മരിച്ചത്. മറ്റൊരു സുഹൃത്തായ ജില്ലാ ജഡ്ജി പ്രകാശ് ത്രോംബേയുടെ മരണവും അന്വേഷിക്കണമെന്നാണ് ആവശ്യം. ലോയയുടെ സുരക്ഷ പിന്‍വലിക്കാനിടയായ സാഹചര്യം പരിശോധിക്കണമെന്നും ആവശ്യപ്പെടും. ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച കേസില്‍ സുപ്രീം കോടതിയില്‍ വാദം കേള്‍ക്കല്‍ തുടരുന്നതിനിടെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പുതിയ നീക്കം. സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി നാഗ്പൂരിലെത്തിയ ലോയ 2014 ഡിസംബര്‍ ഒന്നിന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചെന്നാണ് രേഖകളില്‍ പറയുന്നത്.
നവംബര്‍ 30ന് മരിച്ചെന്ന് പൊലീസ് രേഖപ്പെടുത്തിയതു പിന്നീട് തിരുത്തിയതായി ചില മാധ്യമങ്ങള്‍ രേഖകളുടെ പകര്‍പ്പ് സഹിതം വാര്‍ത്ത പുറത്തു വിട്ടിരുന്നു. ലോയയെ ആസ്പത്രിയില്‍ എത്തിച്ചപ്പോള്‍ നാലു ജഡ്ജിമാര്‍ അനുഗമിച്ചിരുന്നതായി അധികൃതര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ആരും തന്നെ ലോയയെ അനുഗമിച്ചിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം ആസ്പത്രിയില്‍ വെച്ച് തിരിച്ചറിഞ്ഞ ഡോ.പി.ബി റാവത്തിന്റെ മൊഴി. മരിച്ച നിലയിലാണ് ലോയയെ ആസ്പത്രിയില്‍ എത്തിച്ചതെന്ന് രേഖകളില്‍ പറയുന്നു. എന്നാല്‍ പരിശോധനകളുടേയും ഭക്ഷണം സംബന്ധിച്ച ഉപദേശത്തിന്റേതുമടക്കം 5540 രൂപയുടെ ബില്ലും ആസ്പത്രി നല്‍കിയിരുന്നു. ഇതുള്‍പ്പെടെ ഒട്ടേറെ വൈരുദ്ധ്യങ്ങള്‍ ലോയയുടെ മരണത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.