തിരുവനന്തപുരം: സ്വകാര്യവ്യക്തികള്‍ സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ നെല്‍വയല്‍ നികത്താന്‍ സാധ്യതയുണ്ടെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിനിടെ നെല്‍വയല്‍ തണ്ണീര്‍ത്തട ഭേദഗതി ബില്ല് ഇന്ന് നിയമസഭയില്‍. ബില്ലിന് സബ്ജക്ട് കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പോടെ തന്നെ ഇന്ന് നിയമസഭ ബില്ല് പാസാക്കും. നേരത്തെ രണ്ടു തവണ നെല്‍വയല്‍ നീര്‍ത്തട ഭേദഗതി ബില്ലിന് സബ്ജക്ട് കമ്മിറ്റിയില്‍ എതിര്‍പ്പ് വന്നിരുന്നു. തുടര്‍ന്നാണ് മൂന്നാം തവണ യോഗം ചേര്‍ന്ന് അംഗീകാരം നല്‍കിയത്. നെല്‍വയല്‍ നീര്‍ത്തട ഭേദഗതി നിയമത്തിന് അംഗീകാരം ലഭിക്കുന്നതോടെ പൊതു ആവശ്യങ്ങള്‍ക്കായി വയല്‍ നികത്താന്‍ സര്‍ക്കാരിന്റെ സമ്മതം മാത്രം മതി എന്ന സ്ഥിതിയാകും.
പൊതു ആവശ്യത്തിന് നെല്‍വയലുകള്‍ നികത്താം എന്നാണ് ബില്ലിലെ പ്രാധാന ഭേദഗതി. എന്നാല്‍ പൊതു ആവശ്യം എന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് ബില്ലില്‍ വ്യക്തമാക്കിയിട്ടില്ല. നിയമത്തിനെതിരെ പരാതി ഉന്നയിക്കുന്നവര്‍ 5000 രൂപ പിഴയടക്കണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഇത്തരം വ്യവസ്ഥകളെ സബ്ജക്ട് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങളായ എം. ഉമ്മര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ ചോദ്യം ചെയ്ത് വിയോജനക്കുറിപ്പ് നല്‍കിയിട്ടുണ്ട്. നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ വെള്ളം ചേര്‍ക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും ഇതില്‍ നിന്ന് പിന്‍മാറണമെന്നും പ്രതിപക്ഷം നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ബില്ല് അവതരിപ്പിച്ചാല്‍ ശക്തമായ സമരത്തിലേക്ക് നീങ്ങാന്‍ കെ.പി.സി.സിയും തീരുമാനിച്ചിട്ടുണ്ട്.
തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതിനെതിരെ ശിപാര്‍ശ നല്‍കാനുള്ള പ്രാദേശിക നിരീക്ഷണ സമിതികളുടെയും സംസ്ഥാനതല നിരീക്ഷണ സമിതിയുടെയും അധികാരം എടുത്തു മാറ്റി. പകരം അവര്‍ക്ക് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം. അടിസ്ഥാന നികുതി റജിസ്റ്ററും റവന്യു രേഖകളും തിരുത്താന്‍ ആര്‍.ഡി.ഒക്ക് അധികാരം നല്‍കുന്ന വകുപ്പും ഭേദഗതിയിലുണ്ട്. ഇത് സുപ്രീം കോടതി വിധിക്കെതിരാണ് എന്നത് പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്നു. ‘പാരിസ്ഥിതിക’ എന്ന വാക്കുതന്നെ നിയമത്തില്‍ നിന്നൊഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യക്തം. 2008ലെ നിയമത്തില്‍ നെല്‍വയല്‍, തണ്ണീര്‍ത്തടം, കരഭൂമി എന്നിങ്ങനെയുള്ള തരംതിരിവാണുള്ളത്. എന്നാല്‍ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി എന്ന വിഭാഗം പ്രത്യേകമായി ഭേദഗതിയിലൂടെ ചേര്‍ക്കും. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഒരു ഭേദഗതി വരുത്തിയിരുന്നു. പൊതു ആവശ്യങ്ങള്‍ക്കായി നെല്‍വയല്‍ നികത്തുമ്പോള്‍ പ്രാദേശിക സമിതികളുടെ റിപ്പോര്‍ട്ടുകള്‍ അനുകൂലമല്ലെങ്കിലും സംസ്ഥാന സമിതിയുടെ ശിപാര്‍ശകള്‍ക്ക് അനുസരിച്ച് തീരുമാനമെടുക്കാം എന്നായിരുന്നു ഭേദഗതി.
നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ 2008ല്‍ ആദ്യമായി നിയമം കൊണ്ടുവന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ ഭേദഗതികളിലൂടെ ഇതില്‍ വെള്ളം ചേര്‍ക്കുമ്പോള്‍ നിയമത്തിന്റെ കാതല്‍ തന്നെ ഇല്ലാതാകുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.