കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മൂന്നു ടയറും പഞ്ചറായ കാറിന് സമമാണെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര കോണ്‍ഗ്രസ് ഘടകം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ചിദംബരം.

‘സ്വകാര്യ നിക്ഷേപം, സ്വകാര്യ ഉപഭോഗം, കയറ്റുമതി, സര്‍ക്കാര്‍ ചെലവുകള്‍ എന്നിവ ഒരു സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയുടെ നാല് എന്‍ജിനുകളാണ്. ഇവ ഒരു കാറിന്റെ നാല് ടയര്‍ പോലെയാണ്. ഇതില്‍ ഒന്നോ രണ്ടോ ടയറുകള്‍ പഞ്ചറായാല്‍ തന്നെ വളര്‍ച്ച് പതിയെ ആകും. എന്നാല്‍ നമ്മുടെ സാഹചര്യത്തില്‍ മൂന്ന് ടയറും പഞ്ചറാണ്’ അദ്ദേഹം പറഞ്ഞു.

ഇന്ധന വില വര്‍ധന തുടങ്ങി പലകാര്യങ്ങളിലും കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ചിദംബരം നടത്തിയത്. സര്‍ക്കാരിന്റെ ചെലവുകള്‍ ആരോഗ്യമേഖലയിലും മറ്റു ചില മേഖലകളിലുമായി മാത്രം ഒതുങ്ങി പോയെന്നും, ഈ ചെലവു മുന്നോട്ടുകൊണ്ടുപോകാനാണു സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍, എല്‍പിജി വിലയില്‍ വര്‍ധന വരുത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. അഞ്ച് സ്ലാബ് ജിഎസ്ടി കൊണ്ടുവന്ന കേന്ദ്ര നടപടിയെയും ചിദംബരം വിമര്‍ശിച്ചു.