ന്യൂഡല്‍ഹി: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനവില്‍ എന്തിനാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറുകളെ കുറ്റം പറയുന്നതെന്ന് മുന്‍ കേന്ദ്രധനകാര്യമന്ത്രി പി.ചിദംബരം. പെട്രോള്‍-ഡീസല്‍ നികുതി ജി.എസ്.ടിക്ക് കീഴിലാക്കിയാല്‍ കുറയുമെന്ന് പറയുന്ന മോദി സര്‍ക്കാര്‍ പിന്നെ എന്തിനാണ് അതിനായി കാത്തു നില്‍ക്കുന്നതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ ചിദംബരം ചോദിച്ചു.

ഇന്ത്യയിലെ പകുതിയിലധികം വരുന്ന സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് ബി.ജെ.പിയും അവരുടെ സഖ്യകക്ഷികളുമാണ്. പെട്രോള്‍-ഡീസല്‍ നികുതി ജി.എസ്.ടിക്കു കീഴിലാക്കണമെങ്കില്‍ കേന്ദ്രത്തില്‍ ഒറ്റയ്ക്കു ഭൂരിപക്ഷമുള്ള മോദി സര്‍ക്കാറിനാവും. പിന്നെയെന്തിനാണ് ഈ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിനെ പെട്രോളിയം മന്ത്രിയടക്കമുള്ളവര്‍ കുറ്റം പറയുന്നത്. മറ്റുള്ളവരെ കുറ്റം പറയുന്നതിനു പകരം നടപടി സ്വീകരിക്കുകയാണ് വേണ്ടത്- ചിദംബരം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

ദിനംപ്രതിയുള്ള ഇന്ധനവില നിര്‍ണ്ണയ രീതി പുനഃപരിശോധിക്കില്ലെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. ഇന്ധനവില വര്‍ധനയുടെ പ്രധാനകാരണം സംസ്ഥാന സര്‍ക്കാറുകളുടെ നികുതിയാണെന്നും അതു കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ധനവില നിയന്ത്രണത്തിലാക്കാന്‍ താത്കാലിക പരിഹാരത്തിന് പകരം ദീര്‍ഘകാല പരിഹാരമാണ് കേന്ദ്രം ലക്ഷ്യം വെക്കുന്നതെന്നുമാണ് അന്ന് മന്ത്രി പറഞ്ഞത്.