Video Stories
കേരള രാഷ്ട്രീയത്തിലെ ഏറനാടന്‍ ധീരത

പി. സീതിഹാജിയുടെ വേര്പാടിന് ഇന്ന് കാല് നൂറ്റാണ്ട്
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
പൊതുപ്രവര്‍ത്തകര്‍ സാധാരണക്കാര്‍ക്കു വേണ്ടി ജീവിച്ചാല്‍ അവരെന്നും ജനമനസ്സിലുണ്ടാകും എന്നതിന് തെളിവാണ് പി. സീതിഹാജി. ഏറനാടിന്റെ വീര്യവും ഭീഷണികളെ വകവെക്കാത്ത ചങ്കൂറ്റവുമായി സംസ്ഥാന രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന മുസ്ലിംലീഗ് നേതാവ് സീതിഹാജി വിടപറഞ്ഞിട്ട് ഇന്ന് കാല്‍നൂറ്റാണ്ട് തികയുമ്പോഴും അടുത്തിടെ കണ്ടു പിരിഞ്ഞതെന്ന പോലെ ആ ഓര്‍മകള്‍ മുന്നില്‍ തെളിയുകയാണ്. സീതിഹാജിയുടെ കാലശേഷം വര്‍ഷങ്ങള്‍ പിന്നിട്ട് ജനിച്ച തലമുറയില്‍ പോലും അദ്ദേഹം സുപരിചിതനാകുന്നുവെന്നത് തന്നെ ഒരു രാഷ്ട്രീയ നേതാവിന് മരണാനന്തരം ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതി.
ഒന്നര പതിറ്റാണ്ടോളം നിയമസഭാംഗമായും കാല്‍നൂറ്റാണ്ടോളം സംസ്ഥാനത്തിന്റെ രാഷ്ട്രീയ സാമൂഹികരംഗത്ത് നേതൃനിരയിലെണ്ണപ്പെട്ട വ്യക്തിത്വമായും നിറഞ്ഞുനിന്ന സീതിഹാജിയുടെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. ഏറനാട്ടിലെ ആ കാലഘട്ടത്തിലെ ബഹുഭൂരിഭാഗം ജനങ്ങളെയും പോലെ കഷ്ടപ്പാട് നിറഞ്ഞ ഒരു ബാല്യത്തില്‍ നിന്ന് ജീവിതമാരംഭിച്ച സീതിഹാജി പക്ഷേ, കഠിനപ്രയത്നത്തിലൂടെ ഉയരങ്ങള്‍ കീഴടക്കി. സ്കൂള്‍ പ്രായം മുതല്‍ മുസ്ലിംലീഗിന്റെ ആശയങ്ങള്‍ ആവേശമായി കൊണ്ടുനടന്ന അദ്ദേഹം പില്ക്കാലത്ത് സംഘടനയുടെ ഉന്നത നേതൃത്വത്തിലേക്കുയര്‍ന്നു. ഔപചാരിക വിദ്യാഭ്യാസം ആവശ്യത്തിനു ലഭിക്കാതിരുന്നിട്ടും ഏത് ബുദ്ധിജീവി സദസ്സിലും പ്രായോഗികബുദ്ധി കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.
നിയമത്തിന്റെയും സാങ്കേതിക പ്രശ്നങ്ങളുടെയും ന്യായങ്ങള്‍ പറഞ്ഞ്, അര്‍ഹതപ്പെട്ട അവകാശങ്ങള്‍ തള്ളിക്കളയാന്‍ ശ്രമിക്കുന്ന ഭരണാധികാരികള്‍ക്ക് മുന്നില്‍ നിയമത്തിന്റെ മറുപുറം വ്യാഖ്യാനിച്ചു നല്കി സാധുക്കളുടെ ആനുകൂല്യങ്ങള്‍ നേടിക്കൊടുത്തു. അന്യായമായി ഏതെങ്കിലുമൊരാളെ കയ്യേറ്റം ചെയ്യാന്‍ എതിരാളികളോ അവരുടെ സ്വാധീനത്തില്‍ പൊലീസോ ശ്രമിച്ചാല്‍ പോലും സീതിഹാജി രക്ഷക്കെത്തും. കേരള രാഷ്ട്രീയത്തിലെ ഏറനാടന്‍ ധീരത എന്ന വിശേഷണം സീതിഹാജിയുടെ വാക്കിലും പ്രവൃത്തിയിലും നിലപാടിലും പ്രകടമായിരുന്നു. ന്യൂനപക്ഷ പിന്നാക്ക സമുദായവും മുസ്ലിംലീഗും പ്രതിസന്ധി നേരിട്ട സന്ദര്‍ഭങ്ങളിലെല്ലാം ആരോഗ്യവും സമ്പത്തും ചെലവഴിച്ച് സീതിഹാജി മുന്നില്‍ നിന്നു.
സംഘര്‍ഷ ഭൂമികളില്‍ നിര്‍ഭയം കടന്നുചെന്ന അദ്ദേഹം ജനങ്ങളില്‍ സമാധാനവും ആത്മവിശ്വാസവും പകര്‍ന്നു. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ അക്രമികളെ ഭയന്നു നാടു വിട്ടുപോകാന്‍ നിരപരാധികള്‍ പോലും നിര്‍ബന്ധിതമായ സാഹചര്യങ്ങളുണ്ടാകുമ്പോള്‍ അവിടെ ആദ്യമെത്തുക സീതിഹാജിയായിരിക്കും. ഏത് ഉന്നതന്റെ മുഖത്തു നോക്കിയും അദ്ദേഹം കാര്യം പറയും. സീതിഹാജി ഒപ്പമുള്ളതുകൊണ്ട് പേടിക്കാനില്ല എന്ന തോന്നല്‍ ജനങ്ങള്‍ക്കും അപ്പുറത്ത് സീതിഹാജിയുള്ളതു കൊണ്ട് അതിരുവിട്ട് വല്ലതും ചെയ്താല്‍ പ്രശ്നമാകുമെന്ന ഭയം അക്രമികള്‍ക്കും അവരെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കുമുണ്ടാകും. ആ ധീരതയാണ് സീതിഹാജിയെ സാധാരണക്കാരുടെ ഇഷ്ടതോഴനാക്കിയത്.
സംസ്ഥാനത്ത് മുസ്ലിംലീഗിനെ കരുത്തുറ്റ ബഹുജന പ്രസ്ഥാനമാക്കുന്നതില്‍ സീതിഹാജി വഹിച്ച ത്യാഗവും പ്രയത്നവും തുല്യതയില്ലാത്തതാണ്. മഹാനായ സി.എച്ച് മുഹമ്മദ് കോയാ സാഹിബിനെ ഏത് ദുര്‍ഘട പാതയിലും സദാ അനുഗമിച്ച് പ്രതിസന്ധികളില്‍ സംഘടനക്കും സമുദായത്തിനും അദ്ദേഹം തന്റെ ജീവിതം കൊണ്ട് ഊര്‍ജ്ജം നല്കി. മമ്പാട് എം.ഇ.എസ് കോളജ്, കൊണ്ടോട്ടി ഇ.എം.ഇ കോളജ് തുടങ്ങി ഏറനാട്ടിലെ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കമിടാനും കരുത്ത് പകരാനും സീതിഹാജി നല്കിയ നേതൃത്വവും പിന്തുണയും ചരിത്ര രേഖയാണ്. തനിക്കു കിട്ടാത്ത വിദ്യാഭ്യാസവും സൗകര്യങ്ങളും തന്റെ സമുദായത്തിലെ ഏത് പാവപ്പെട്ടവനും ലഭ്യമാക്കണമെന്ന് വാശിയോടെ കരുതി പ്രവര്‍ത്തിച്ചു.
അതില്‍ വിജയം വരിച്ചതിന്റെ ആത്മസംതൃപ്തി രോഗാവസ്ഥയിലും അദ്ദേഹം പ്രകടമാക്കി.
കേരളത്തിന്റെ നിയമനിര്‍മാണ സഭയില്‍ ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങളുടെയും പിന്നാക്ക പ്രദേശങ്ങളുടെയും അഭിവൃദ്ധിക്കു വേണ്ടി ഒരു പടയാളിയെ പോലെ അദ്ദേഹം പൊരുതി. ന്യൂനപക്ഷാവകാശങ്ങള്‍ ഹനിക്കാന്‍ മുതിരുന്നവരോട് ഒരു വിട്ടുവീഴ്ചയും ചെയ്തില്ല. അറുത്തുമുറിച്ചു കാര്യങ്ങള്‍ പറഞ്ഞു. ഭരണത്തിലാകുമ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും സീതിഹാജി സമുദായത്തിന്റെ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കും വരെ പടവെട്ടി.
1980ല്‍ അറബി ഭാഷാ വിരുദ്ധ നിയമനിര്‍മാണ വേളയില്‍ മുസ്ലിംലീഗ് പ്രതിപക്ഷത്താണ്.
മലപ്പുറത്ത് മൂന്ന് യുവാക്കള്‍ -മജീദ്,റഹ്മാന്, കുഞ്ഞിപ്പ- എന്നിവര്‍ വെടിയേറ്റ് രക്തസാക്ഷികളായതടക്കമുള്ള സംഘര്‍ഷ ഭരിതമായ ഘട്ടങ്ങളില്‍, നാദാപുരം സംഭവം, ശരീഅത്ത് വിവാദഘട്ടം തുടങ്ങിയ പ്രശ്നങ്ങളിലെല്ലാം സഭക്കകത്തും പുറത്തും സീതിഹാജി നടത്തിയ അവകാശ പോരാട്ടങ്ങള്‍ ഒരിക്കലും മറക്കാനാവില്ല. വര്‍ഗീയ കലാപങ്ങള്‍ക്കു വിത്തിടാനും സമാധാനാന്തരീക്ഷം തകര്‍ക്കാനുമുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതിലും മതമൈത്രി ഊട്ടിയുറപ്പിക്കുന്നതിനും സീതിഹാജി വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു. അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സംഘടനാ പ്രവര്‍ത്തനത്തിനും ജനനന്മക്കുമായി യഥേഷ്ടം ചെലവിട്ടു. പാവപ്പെട്ടവരുടെ സങ്കടം പരിഹരിക്കാന്‍ എവിടെയും ഏത് പാതി രാത്രിയിലും ഓടിച്ചെല്ലുന്ന യഥാര്‍ത്ഥ പൊതുപ്രവര്‍ത്തകനായിരുന്നു സീതിഹാജി.
‘ചന്ദ്രിക’യുടെ വളര്‍ച്ചക്കായി അഹോരാത്രം പ്രവര്‍ത്തിച്ചു അദ്ദേഹം. ഏത് സദസ്സിലും ചന്ദ്രികയെ കുറിച്ചു പറയാതെ അദ്ദേഹം പ്രസംഗമവസാനിപ്പിക്കില്ല. ഡയരക്ടര്‍ ഇന്‍ ചാര്‍ജ് എന്ന നിലയില്‍ ചന്ദ്രികയുടെ ദൈനംദിന കാര്യങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്കി. രോഗം കഠിനമായ അവസ്ഥയില്‍ സന്ദര്‍ശിക്കാന്‍ ചെല്ലുമ്പോഴും മുസ്ലിംലീഗും ചന്ദ്രികയുമായിരുന്നു അദ്ദേഹത്തിന്റെ സംസാര വിഷയം. അച്ചടി രംഗത്ത് ശ്രദ്ധേയമായ വഴിത്തിരിവായി ചന്ദ്രികക്ക് ഓഫ്സെറ്റ് പ്രസ് സ്ഥാപിക്കുന്നത്, മാനേജിങ് ഡയരക്ടറായിരുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മാര്‍ഗനിര്‍ദ്ദേശത്തില്‍ പി. സീതിഹാജിയുടെ മുന്‍കൈയില്‍ ആണ്, വിപുലമായ നവീകരണ പദ്ധതികള്‍ക്ക് ചന്ദ്രിക തുടക്കമിടുന്ന ഈ സന്ദര്‍ഭത്തില്‍ ‘ചന്ദ്രിക’യെ ജീവനുതുല്യം സ്നേഹിച്ച സീതിഹാജിയുടെ ഓര്‍മകള്‍ വലിയ പിന്‍ബലമായി അനുഭവപ്പെടുന്നു.
ഞങ്ങളുടെ വന്ദ്യപിതാവ് പൂക്കോയ തങ്ങളുമായും സഹോദരന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായും സീതിഹാജിക്കുണ്ടായിരുന്നത് അളവറ്റ സ്നേഹത്തില്‍ കോര്‍ത്ത ആത്മബന്ധമായിരുന്നു. നാല് പതിറ്റാണ്ടു മുമ്പ് ബാപ്പ മരണപ്പെട്ട ദിവസം ഒഴുകിയെത്തിയ ജനക്കൂട്ടത്തെ രണ്ടു കൈകളും നിവര്‍ത്തിപ്പിടിച്ചു നിയന്ത്രിക്കുന്ന സീതിഹാജിയുടെ രൂപം ഓര്‍മയിലുണ്ട്.ആ വേദനയുടെ നാളുകളിലും തുടര്‍ന്നും സീതിഹാജി കൊടപ്പനക്കല്‍ വരാത്ത ദിവസമില്ല. കുടുംബത്തില്‍ എല്ലാവര്ക്കും ഒരു മുതിര്‍ന്ന സഹോദരന്റെ താങ്ങും പിന്‍ബലവുമായി അദ്ദേഹമുണ്ടായിരുന്നു. മരണം വരെയും ആ സ്നേഹം ഒരു പോറലുമില്ലാതെ തുടര്‍ന്നു.
മലപ്പുറം, ഏറനാട്ടിലെ എടവണ്ണയില്‍ ജനിച്ച്കേരളത്തിനകത്തും പുറത്തും കീര്‍ത്തി നേടിയാണ് 1991 ഡിസംബര്‍ 5ന് സീതിഹാജി വിടപറഞ്ഞത്. 1977 മുതല്‍ 91 വരെ കൊണ്ടോട്ടിയിലും തുടര്‍ന്ന് താനൂരിലും എം.എല്‍.എ ആയി. ഗവ. ചീഫ് വിപ്പും മുസ്ലിംലീഗിന്റെ സംസ്ഥാന സെക്രട്ടറിയുമായി. കേരളത്തിന്റെ പൊതുജീവിതത്തില്‍ ഭരണ-പ്രതിപക്ഷ, ഉദ്യോഗസ്ഥ വ്യത്യാസമില്ലാതെ സമ്പന്നനും സാധാരണക്കാരനും ഭേദമില്ലാതെ എല്ലാവരുടെയും സുഹൃത്തായി നിന്ന രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. നിയമസഭയില്‍ രൂക്ഷമായി വിമര്‍ശിച്ച എതിരാളിയെ പുറത്തു കാണുമ്പോള്‍ തോളില്‍ കയ്യിട്ടു നടക്കുന്ന സൗഹൃദമായിരുന്നു സീതിഹാജിയുടെ മാതൃക.
മുസ്ലിം സമുദായത്തിന്റെ അഭിമാനവും അന്തസ്സും നിലനിര്‍ത്തുന്നതിന് ഉശിരോടെ പ്രവര്‍ത്തിച്ച ആ ജനനേതാവിന് സര്വശക്തന് മഗ്ഫിറത്തും മര്‍ഹമത്തും പ്രദാനം ചെയ്യട്ടെ.
Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന് ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന് പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
-
india2 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
india3 days ago
‘മതവികാരം വ്രണപ്പെടും’; കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്കൂളില്‍ മുട്ട വിതരണത്തിനെതിരെ രക്ഷിതാക്കള്‍
-
india2 days ago
ബെറ്റിങ് ആപ്പ് പ്രമോഷൻ; റാണ ദഗ്ഗുബാട്ടി ആഗസ്റ്റ് 11ന് ഹാജരാകണമെന്ന് ഇ.ഡി
-
EDUCATION3 days ago
പ്ലസ് വണ്‍ ട്രാന്‍സ്ഫര്‍ അലോട്മെന്റ് പ്രവേശനം നാളെ മുതല്‍
-
kerala14 hours ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
crime3 days ago
ബിഹാറിൽ ആക്രി കച്ചവടക്കാരനെ വെടിവെച്ചുകൊന്നു
-
india3 days ago
മുംബൈയില്‍ ‘ദൃശ്യം’ മോഡല്‍ കൊലപാതകം; ഭര്‍ത്താവിന്റെ മൃതദേഹം ടൈലുകള്‍ക്കടിയില്‍ കുഴിച്ചിട്ട് ഭാര്യ
-
kerala3 days ago
ബോഡി ഷെയ്മിങ് ചെയ്താൽ ഇനി കുറ്റം; കരട് ഭേദഗതി സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി