Connect with us

kerala

ജൂലൈ ഒന്ന് മുതല്‍ കണ്‍സഷന്‍ കാര്‍ഡ് നിര്‍ബന്ധം ; പാലക്കാട് സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം ചേര്‍ന്നു

വിദ്യാര്‍ത്ഥികളെ രണ്ടാം തരക്കാരായി കാണുക, അവരോട് മോശമായി പെരുമാറുക, നിര്‍ബന്ധമായും ഫുള്‍ ചാര്‍ജ് വാങ്ങുക തുടങ്ങിയവ സംബന്ധിച്ചുള്ള പരാതികള്‍ ജില്ലയില്‍ നിന്നും ഉണ്ടാവരുതെന്നും അങ്ങനെ ഉണ്ടായാല്‍ കൃത്യമായ ഇടപെടലുകള്‍ ഉണ്ടാകുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

Published

on

സ്‌കൂള്‍-കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ കണ്‍സഷന്‍ കാര്‍ഡ് നിര്‍ബന്ധമെന്ന് പാലക്കാട് സ്റ്റുഡന്റ്‌സ് ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ ആര്‍.ടി.ഒ അറിയിച്ചു. ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ ബസ് യാത്ര കണ്‍സഷന്‍ കാര്‍ഡുകളുടെ വിതരണം, യാത്രാ ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം ഉള്ളതിനാല്‍ സ്വകാര്യ ബസിൽ കാര്‍ഡ് വേണ്ട. 2023-24 അധ്യയന വര്‍ഷത്തെ കണ്‍സഷന്‍ കാര്‍ഡ് മഞ്ഞ നിറത്തിലായിരിക്കുമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ടി.എം ജേഴ്സണ്‍ അറിയിച്ചു.

സര്‍ക്കാര്‍, എയ്ഡഡ്, അഫിലിയേറ്റഡ്, ഗവൺമെന്റ് അംഗീകൃതമായിട്ടുള്ള സ്കൂളുകൾ, കോളെജുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മേധാവികള്‍ കണ്‍സഷന്‍ കാര്‍ഡ് മഞ്ഞനിറത്തില്‍ നല്‍കാന്‍ ശ്രദ്ധിക്കണം. സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ലിസ്റ്റ് നിശ്ചിത ഫോർമാറ്റിൽ തയ്യാറാക്കി അതതു താലൂക്കിലെ ജെ.ആർ.ടി.ഒ മുമ്പാകെ ഹാജരാക്കി കൺസഷൻ കാർഡ് ലഭിക്കുന്നതിന് സ്ഥാപന മേധാവി തന്നെ മുൻകൈ എടുക്കണം. സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന കണ്‍സഷന്‍ കാര്‍ഡുകള്‍ പരിശോധിച്ച് ഉറപ്പിക്കാനുള്ള അവസരം ബസുടമകള്‍ക്ക് നല്‍കും. ഒരു ദിവസം പരമാവധി 40 കി.മീ.യാണ് ഒരു വശത്തേക്കുള്ള സഞ്ചരിക്കാവുന്ന ദൂരപരിധി. വിദ്യാര്‍ത്ഥികള്‍ കണ്‍സഷന്‍ കാര്‍ഡ് കൈയില്‍ കരുതണമെന്നും നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആര്‍.ടി.ഒ നിര്‍ദേശിച്ചു.

കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കണ്‍സഷന്‍ എടുക്കുന്ന പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര സൗജന്യമാണെന്ന് ആർ.ടി.ഒ അറിയിച്ചു. നിയമപരമായി പരിശോധിച്ചു തന്നെ കണ്‍സഷന്‍ കാര്‍ഡുകള്‍ നല്‍കുമെന്നും ഒരു ദിവസം രണ്ട് യാത്രകൾ വിദ്യാര്‍ത്ഥികള്‍ക്ക് നടത്താമെന്നും അതിന് നിര്‍ബന്ധമായും കണ്‍സഷന്‍ നല്‍കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഓരോ മൂന്ന് മാസം കൂടുമ്പോഴും ബസുടമകളുടെയും വിദ്യാര്‍ത്ഥികളുടെയും യോഗം ചേരും.

വിദ്യാര്‍ത്ഥികളെ രണ്ടാം തരക്കാരായി കാണുക, അവരോട് മോശമായി പെരുമാറുക, നിര്‍ബന്ധമായും ഫുള്‍ ചാര്‍ജ് വാങ്ങുക തുടങ്ങിയവ സംബന്ധിച്ചുള്ള പരാതികള്‍ ജില്ലയില്‍ നിന്നും ഉണ്ടാവരുതെന്നും അങ്ങനെ ഉണ്ടായാല്‍ കൃത്യമായ ഇടപെടലുകള്‍ ഉണ്ടാകുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. വിദ്യാര്‍ത്ഥി സംഘടനകളും കോളെജുകളും സ്വമേധയായി വരുകയാണെങ്കില്‍ ആര്‍.ടി.ഒയുമായി സഹകരിച്ച് കണ്‍സഷന്‍ ചാര്‍ജ് സംബന്ധിച്ച വിവരങ്ങള്‍ ബസ് സ്റ്റാന്‍ഡിലും കോളെജ് പരിസരത്തും പ്രധാനപ്പെട്ട സ്ഥലങ്ങളിലും എഴുതിവെക്കുന്നതിനുള്ള സംവിധാനം ഒരുക്കാമെന്ന് കലക്ടര്‍ പറഞ്ഞു.

സ്വകാര്യ ബസുകള്‍ കുറവുള്ള അട്ടപ്പാടി പോലുള്ള പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ മറ്റു സ്ഥലങ്ങളിലെ വിദ്യാര്‍ത്ഥികളും അപേക്ഷിച്ചാല്‍ KSRTC കണ്‍സഷന്‍ കാര്‍ഡ് അനുവദിക്കണമെന്ന് എ.ഡി.എം നിര്‍ദേശിച്ചു. യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്ത്, ജോയിന്റ് ആര്‍.ടി.ഒമാര്‍, പോലീസ് മേധാവി, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് പ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

 

 

 

 

EDUCATION

മലബാറിൽ പ്ലസ് വൺ പ്രവേശനം ലഭിക്കാത്തത് 83,133 കുട്ടികൾക്ക്, മലപ്പുറത്ത് മാത്രം 31,482 പേർ പുറത്ത് ; കണക്ക് പുറത്ത്‌

വിദ്യാഭ്യാസ മന്ത്രിയുടെ കണക്കുകളെ തള്ളുന്നതാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റ പുതിയ കണക്കുകള്‍.

Published

on

മലബാറില്‍ 83,133 കുട്ടികള്‍ക്ക് ഇതുവരെ പ്ലസ് വണ്‍ പ്രവേശനം ലഭിച്ചില്ലെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റ കണക്കുകള്‍. മലപ്പുറത്ത് മാത്രം 31,482 കുട്ടികള്‍ക്ക് പ്രവേശനം ലഭിച്ചില്ല. പാലക്കാട് 17,399 ഉം കോഴിക്കോട് 16101 പേര്‍ക്കും അഡ്മിഷന്‍ ലഭിച്ചില്ല. വിദ്യാഭ്യാസ മന്ത്രിയുടെ കണക്കുകളെ തള്ളുന്നതാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റ പുതിയ കണക്കുകള്‍.

മെറിറ്റ് സീറ്റ്, അണ്‍ എയ്ഡഡ് സീറ്റുകള്‍ , മാനേജ്‌മെന്റ് ക്വാട്ട , കമ്മ്യൂണിറ്റി ക്വാട്ട , സ്‌പോട്‌സ് ക്വാട്ട , എം.ആര്‍.എസ് ക്വാട്ട എന്നിവയില്‍ പ്രവേശനം നേടിയവരുടെതടക്കമുള്ള കണക്കാണ് പുറത്ത് വിട്ടത്. പുതിയ ലിസ്റ്റില്‍ ഒരോ ഇനത്തിലും എത്ര ഒഴിവുണ്ടെന്ന് രേഖപെടുത്തിയിട്ടില്ല.

മലപ്പുറത്ത് 49,906 പ്ലസ് വണ്‍ സീറ്റുകളില്‍ ഇതുവരെ പ്രവേശനം നേടിയിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി കഴിഞ്ഞദിവസം പറഞ്ഞത്. 10,897 പേര്‍ അലോട്ട്മെന്റ് കിട്ടിയിട്ടും പ്രവേശനം നേടിയിട്ടില്ല. എം.എസ്.എഫ് നടത്തുന്നത് പ്ലാന്‍ ചെയ്ത സമരമാണെന്നും വിഷയം മാധ്യമങ്ങള്‍ പര്‍വതീകരിച്ച് ചിത്രീകരിക്കുന്നെന്നും 14,037 പേര്‍ മാത്രമാണ് മലപ്പറുത്ത് ഇനി പ്ലസ്വണിന് അഡ്മിഷന്‍ കാത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് ജില്ലാ കമ്മിറ്റി നാലാം ദിവസവും മലപ്പുറം ആര്‍.ഡി.ഡി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

Continue Reading

kerala

ടി.പി പ്രതികളെ വിട്ടയക്കാനുള്ള നീക്കവും ബോംബ് നിര്‍മ്മാണവും തമ്മില്‍ ബന്ധമെന്ന് കെ.സുധാകരന്‍

ഉന്നത സി.പി.എം ഇടപെടലില്ലാതെ ഒരു ഉദ്യോഗസ്ഥനും കോടതിവിധിക്കെതിരായ നടപടി സ്വീകരിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സി.പി.എമ്മിനുള്ളില്‍ എതിര്‍ശബ്ദം ഉയര്‍ന്നതിന് പിന്നാലെ 20 വര്‍ഷം വരെ ശിക്ഷായിളവ് നല്‍കരുതെന്ന ഹൈക്കോടതി വിധി പോലും മറികടന്ന് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ കൊടുംക്രിമിനലുകളായ മൂന്ന് പ്രതികളെ വിട്ടയയ്ക്കാന്‍ നീക്കം നടന്നതിന് പിന്നില്‍ ദുരൂഹവും നിഗൂഢവുമായ ഗൂഢാലോനയുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിന് പിന്നാലെയാണ് ജയില്‍ സൂപ്രണ്ടിന്റെ അസ്വാഭാവിക നടപടി. ഉന്നത സി.പി.എം ഇടപെടലില്ലാതെ ഒരു ഉദ്യോഗസ്ഥനും കോടതിവിധിക്കെതിരായ നടപടി സ്വീകരിക്കുകയില്ല. കണ്ണൂരില്‍ വ്യാപകമായി ബോംബു നിര്‍മ്മാണം നടക്കുകയും കൊടുംക്രിമിനലുകളെ ജയിലറകളില്‍ നിന്ന് തുറന്ന് വിടുകയും ചെയ്യുന്നതും തമ്മില്‍ ബന്ധമുണ്ട്. ഇനിയും കേരളത്തില്‍ ആരുടെയെക്കയോ രക്തം ഒഴുക്കാന്‍ ടി.പി ചന്ദ്രശേഖരനെ വധിക്കാന്‍ ഉത്തരവിട്ടവര്‍ നിര്‍ദ്ദേശം നല്‍കിയതിന്റെ ഭാഗമാണോ കൊടുംക്രിമിനലുകളെ പുറത്ത് വിടാന്‍ നീക്കം നടന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

പ്രതികളെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കം പാളിയപ്പോള്‍ ഉദ്യോഗസ്ഥരുടെ മേല്‍ പഴിചാരിയും സാങ്കേതികത്വം ചൂണ്ടിക്കാട്ടിയും തടിതപ്പാനാണ് ശ്രമം. നിയമവാഴ്ചയെ തന്നെ വെല്ലുവിളിക്കുകയാണ് പിണറായി സര്‍ക്കാര്‍. ടി.പിയെ 51 വെട്ട് വെട്ടിക്കൊന്ന പ്രതികള്‍ക്ക് വേണ്ടിയാണ് ഈ സര്‍ക്കാരും സി.പി.എമ്മും നിലപാടെടുക്കുന്നത്. പിണറായി സര്‍ക്കാരിന്റെ കാലയളവില്‍ രണ്ടായിരം ദിവസമാണ് പ്രതികള്‍ക്ക് പരോള്‍ നല്‍കിയത്.

ടി.പി ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജയിലിരുന്ന് മാഫിയാ പ്രവര്‍ത്തനം നടത്താന്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്വകര്യവും ഒത്താശയും ചെയ്ത സര്‍ക്കാരാണ് പിണറായി വിജയന്റേത്. മുഖ്യമന്ത്രി ഈ പ്രതികളോട് എന്തിനാണ് ഇത്രയേറെ കടപ്പെട്ടിരിക്കുന്നത് എന്നതറിയാന്‍ കേരളീയ സമൂഹത്തിന് താല്‍പ്പര്യമുണ്ട്. ടി.പി വധക്കേസില്‍ നീതി ഉറപ്പാക്കാന്‍ കെ.കെ രമ എം.എല്‍.എ നടത്തുന്ന എല്ലാ നിയമപോരാട്ടങ്ങള്‍ക്കും കെ.പി.സി.സി പിന്തുണ നല്‍കുമെന്നും കെ.സുധാകരന്‍ വ്യക്തമാക്കി.

Continue Reading

kerala

മഴ മുന്നറിയിപ്പിൽ മാറ്റം; മലപ്പുറം ജില്ലയില്‍ റെഡ് അലേർട്ട്, ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മലപ്പുറം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ലക്ഷദ്വീപിലും ഓറഞ്ച് അലേർട്ട് ഉണ്ട്. പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്.

വരുന്ന മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പുണ്ട്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending