കണ്ണൂര്‍: ബി.ജെ.പി നേതാവ് പ്രതിയായ പാലത്തായി ബാലിക പീഡന കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കേണ്ടതില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍. ഇരയായ പെണ്‍കുട്ടി കള്ളം പറയുകയാണെന്നും െ്രെകം ബ്രാഞ്ച് ഹൈകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അതേസമയം, അന്വേഷണത്തിലെ പാളിച്ചകളെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരയുടെ മാതാവും ആക്ഷന്‍ കമ്മിറ്റിയും നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് പ്രതിക്ക് അനുകൂല നിലപാടുമായി പൊലീസ് വീണ്ടും രംഗത്തുവന്നത്. ബി.ജെ.പി നേതാവും അധ്യാപകനുമായ കടവത്തൂര്‍ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ പത്മരാജന്‍ നാലാം ക്ലാസുകാരിയെ സ്‌കൂളിലെ ശുചിമുറിയില്‍ പീഡിപ്പിച്ചുവെന്നാണ് കേസ്.

നേരത്തേ ലോക്കല്‍ പൊലീസ് ചുമത്തിയ പോക്‌സോ വകുപ്പ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ ഒഴിവാക്കിയതോടെയാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്. ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. കേസ് മൊത്തം കെട്ടിച്ചമച്ചതാണ് എന്ന നിലപാടാണ് അന്വേഷണ സംഘത്തിന്. പെണ്‍കുട്ടി പലതും സങ്കല്‍പിച്ച് പറയുന്ന സ്വഭാവക്കാരിയാണെന്നും പീഡന പരാതിയിലെ കാര്യങ്ങള്‍ ഭാവന മാത്രമാണെന്നുമാണ് ക്രൈംബ്രാഞ്ച് മേധാവി ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്. ഇരയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍, കൂടുതല്‍ അന്വേഷണം വേണമെന്നും വ്യക്തമാക്കുന്നു.

ജാമ്യം റദ്ദാക്കണമെന്ന ഇരയുടെ വാദം തള്ളിയ സ്‌പെഷല്‍ ഗവ. പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തി, പ്രതി ജാമ്യത്തിന് അര്‍ഹനാണെന്ന വാദവുമായി മറുഭാഗം ചേരുകയും ചെയ്തു. വാദത്തിനിടെ ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ പാളിച്ചകളെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കേസ് വിശദമായി പരിശോധിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടപ്പോള്‍ ഇത്ര ദുര്‍ബലമായി അന്വേഷണം നടന്ന കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും ജാമ്യം നല്‍കിയതിന്റെ നിയമ സാധുത മാത്രമാണ് പരിശോധിക്കുന്നതെന്നും ജഡ്ജി പി.ബി. സുരേഷ്‌കുമാര്‍ പറഞ്ഞു. കാര്യക്ഷമമല്ലാതെ അന്വേഷണം നടന്ന കേസില്‍ പ്രതിക്ക് 90 ദിവസം ജാമ്യം ലഭിക്കാതിരുന്നത് അത്ഭുതമാണെന്നും ഒരു ഘട്ടത്തില്‍ ക്രൈംബാഞ്ചിനെ വിമര്‍ശിച്ച് കോടതി അഭിപ്രായപ്പെട്ടു.

കേസ് വിധി പറയാന്‍ മാറ്റി. 83ാം ദിവസം ഹൈകോടതി ജാമ്യം നിഷേധിച്ച കേസില്‍ 90ാം ദിവസം തലശ്ശേരി പോക്‌സോ കോടതി ജാമ്യം അനുവദിച്ചത് കോടതികള്‍ക്കിടയില്‍ പുലര്‍ത്തേണ്ട മര്യാദയുടെ ലംഘനമാണെന്ന് ഇരയുടെ മാതാവിനുവേണ്ടി ഹാജരായ അഡ്വ. മുഹമ്മദ് ഷാ വാദിച്ചു. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയില്ലെന്ന വാദവുമുയര്‍ത്തി.

കേസില്‍ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് തുടക്കത്തിലേ ആരോപണമുണ്ടായിരുന്നു. പ്രതിക്ക് ജാമ്യം കൂടി ലഭിച്ചതോടെ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ പ്രതിഷേധം ശക്തമാവുകയായിരുന്നു.