kerala

ബിജെപി നേതാവ് പ്രതിയായ പാലത്തായി പീഡനക്കേസ്; വിധി ഇന്ന്

By webdesk18

November 14, 2025

പാലത്തായി പീഡനക്കേസില്‍ തലശ്ശേരി പോക്‌സോ പ്രത്യേക കോടതി ഇന്ന് വിധി പറയും. നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി ബിജെപി നേതാവ് കടവത്തൂരെ കെ. പദ്മരാജന്‍ ആണ്. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് സംഭവം നടക്കുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും അടക്കം നിരവധി സംഘങ്ങള്‍ അന്വേഷണം നടത്തിയിരുന്നു. ഒടുവില്‍ 2021 ല്‍ ഡിവൈ എസ് പി ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

2020 മാര്‍ച്ച് 17നാണ് യുപി സ്‌കൂള്‍ അധ്യാപകനുമായ കടവത്തൂര്‍ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ പത്മരാജന്‍ പീഡിപ്പച്ചതായി പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ മൊഴി നല്‍കിയത്. പരാതി കിട്ടിയ അന്ന് മുതല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ലോക്ക് ഉള്ള ശുചിമുറിയിലും ഇല്ലാത്ത ശുചിമുറിയിലും പീഡനത്തിനിരയായതെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. പീഡനവിവരം പെണ്‍കുട്ടി സഹപാഠികളോടു വെളിപ്പെടുത്തിയിരുന്നു. ഇവരില്‍ നിന്നും അന്വേഷണസംഘം മൊഴിയെടുത്തു. ഈ മൊഴി മുന്‍ അന്വേഷണ സംഘങ്ങളൊന്നും ശേഖരിച്ചിരുന്നില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. 2024 ഫെബ്രുവരി 23നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. പീഡനത്തിനിരയായ കുട്ടിയുടെ മൊഴി അഞ്ചുദിവസമാണ് കോടതി രേഖപ്പെടുത്തിയത്. കുട്ടിയുടെ സുഹൃത്ത്,നാല് അധ്യാപകര്‍ ഉള്‍പ്പെടെ 40 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 77 രേഖകളും 14 തൊണ്ടി മുതലും ഹാജരാക്കി.