ജറൂസലേം: വെസ്റ്റ്ബാങ്കില്‍ ദേഹപരിശോധനയെന്ന വ്യാജേന ഇസ്രാഈല്‍ സൈനികര്‍ ഫലസ്തീന്‍ യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതായി റിപ്പോര്‍ട്ട്.

അംനെസ്റ്റി ഇന്റര്‍നാഷണലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഖിതാം സഫീനെന്ന ഫലസ്തീന്‍ യുവതിക്കു നേരെയാണ് ഇസ്രാഈല്‍ സൈനികരുടെ ആക്രമണം.

2017_7_12-palestinian-woman-strip-searched-and-photographed-by-israel-soldiers800658418

സംഭവത്തെക്കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ:

‘ജൂലൈ രണ്ടിന് രാത്രി രണ്ടരയോടെ ഇസ്രാഈല്‍ സൈന്യം എന്റെ വീട്ടില്‍ പരിശോധനക്കായി എത്തി. തുടര്‍ന്ന് കിടപ്പുമുറിയിലെത്തിച്ച് എന്നെ ദേഹപരിശോധനക്കു വിധേയമാക്കി. പിന്നീട് എന്നെ അറസ്റ്റു ചെയ്തു.

വെസ്റ്റ്ബാങ്കിലെ ഓഫര്‍ തടവറയിലേക്കാണ് കൊണ്ടുപോകുന്നതെന്ന് പറഞ്ഞു. വിലങ്ങ് അണിയിച്ച എന്നെ വാഹനത്തില്‍ വെച്ച് വീണ്ടും ദേഹപരിശോധനക്കു വിധേയമാക്കി.

ഈ സമയം സൈനികരില്‍ ചിലര്‍ അവരുടെ ക്യാമറയും മൊബൈല്‍ ഫോണുകളും ഉപയോഗിച്ച് എന്റെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് സൈനികരിലൊരാള്‍ എന്റെ നഗ്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.’

പിന്നീട് ഓഫര്‍ ജയിലില്‍ എത്തിയപ്പോഴും സമാന രീതിയില്‍ ദേഹപരിശോധന നടത്തിയതായി സഫീന്‍ പറഞ്ഞതായി ആംനെസ്റ്റി റിപ്പോര്‍ട്ട് ചെയ്തു.

യുവതിക്കു നേരെയുണ്ടായ ആക്രമണത്തില്‍ ആംനെസ്റ്റി അപലപിച്ചു. യുവതിയെ അപമാനിച്ച സൈനികര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ആംനെസ്റ്റി ആവശ്യപ്പെട്ടു. സമാനരീതിയില്‍ കഴിഞ്ഞ ആഴ്ച രണ്ടു യുവതികളെ വീട്ടില്‍ റെയ്ഡ് നടത്തി ഇസ്രാഈല്‍ സൈന്യം അന്യായമായി തടവിലാക്കിയിരുന്നു.