കൊച്ചി: പാലിയേക്കര ടോള്‍ പ്ലാസയിലേക്ക് എഐവൈഎഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. നിരന്തരം ഗതാഗത തടസ്സങ്ങളുണ്ടാവുമ്പോഴും പൊലീസോ അധികൃതരോ നടപടി കൈക്കൊള്ളാന്‍ തയാറാവുന്നില്ലെന്നാരോപിച്ചാണ് മാര്‍ച്ച് നടത്തിയത്.

പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗതക്കുരുക്ക് യാത്രക്കാരെ വലപ്പിക്കുന്നുവെന്നത് മുമ്പ് തന്നെ ഉയര്‍ന്നിട്ടുള്ള പരാതിയാണ്. ദീര്‍ഘ നേരം കാത്തുകിടക്കേണ്ടി വരുന്നതോടെ യാത്രക്കാരും ടോള്‍ കമ്പിനി ജീവനക്കാരും തമ്മില്‍ സംഘര്‍ഷവും പതിവ് കാഴ്ചയാണ്. ഒരു നിരയില്‍ അഞ്ചലധികം വാഹനങ്ങളെത്തിയാല്‍ ടോള്‍ ഗേറ്റ് തുറന്നു കൊടുക്കണമെന്ന നിര്‍ദേശം കരാര്‍ കമ്പിനി പാലിക്കുന്നില്ലെന്നാണ് പരാതിയുയര്‍ന്നിട്ടുള്ളത്.

കുട്ടിയെ ആസ്പത്രിയില്‍ കൊണ്ടുപോവുന്നതിനിടെ ടോള്‍ കുരുക്കില്‍പ്പെട്ട സ്ത്രീകള്‍ പ്രതിഷേധിച്ചതിന്റെയും ജീവനക്കാരുമായി ഏറ്റുമുട്ടിയതിന്റെയും ദൃശ്യങ്ങള്‍ നേരത്തേ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. നിയന്ത്രണാതീതമായ ഗതാഗതക്കുരുക്കാണ് ഇത്തരം സംഘര്‍ഷങ്ങള്‍ക്കാണ് കാരണമെന്ന് യാത്രക്കാര്‍ പറയുന്നു.
ഒരു വരിയില്‍ അഞ്ചിലേറെ വാഹനമായാല്‍ ഗതാഗതം തുറന്നു കൊടുക്കണമെന്നും പരമാവധി രണ്ടു മിനിറ്റിനുള്ളില്‍ വാഹനം കടത്തി വിടണമെന്നും നിബന്ധനയുണ്ട്. പക്ഷേ തിരക്കേറിയ സമയങ്ങളില്‍ പതിനഞ്ച് വാഹനങ്ങള്‍ കിടന്നാല്‍പ്പോലും ടോള്‍ പിരിവ് അവസാനിപ്പിക്കില്ല.

അധികൃതരും നിയമപാലകരും ഈ നിയമലംഘനത്തിനെതിരെ കുറ്റകരമായ മൗനമവലംബിക്കുന്നു എന്ന് ആരോപിച്ചാണ് എഐവൈഎഫിന്റെ മാര്‍ച്ച്.