തിരുവനന്തപുരം: പതിനാലാം ധനകാര്യ കമ്മീഷന്‍ അനുവദിച്ച ഗ്രാന്റ് തുക വിനിയോഗിക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വീഴ്ച വരുത്തിയെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) കണ്ടെത്തല്‍. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പിലും വന്‍വീഴ്ചയുണ്ടായതായി ഇന്നലെ സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
2015-16ല്‍ ലഭിച്ച 785.42 കോടിയില്‍ 366.44 കോടിയും 2016-17ല്‍ ലഭിച്ച 1,310.5 കോടിയില്‍ 528.24 കോടിയും വിനിയോഗിച്ചില്ലെന്ന് സി.എ.ജി ചൂണ്ടിക്കാട്ടുന്നു. 2016-17ല്‍ 1310.05 കോടി രൂപാ ലഭിച്ചപ്പോള്‍ 528.24 കോടി അവശേഷിക്കുകയാണ്. അടിസ്ഥാന സേവനങ്ങള്‍ക്കല്ലാതെ ഗ്രാന്റ് ചെലവ് ചെയ്യാന്‍ പാടില്ലെന്ന ധനകാര്യ കമ്മീഷനും ധന മന്ത്രാലയവും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും പരിശോധന നടത്തിയ 35 തദ്ദേശ സ്ഥാപനങ്ങളില്‍ 22.72 കോടി ചിലവാക്കിയത് അടിസ്ഥാന സേവനം നല്‍കാന്‍ വേണ്ടിയുള്ള പദ്ധതികള്‍ക്കായിട്ടല്ലായിരുന്നു.
ഗ്രാന്റ് ഉപയോഗിക്കാന്‍ അനുവദിയില്ലാത്ത 10.60 കോടി തദ്ദേശ സ്ഥാപനങ്ങള്‍ ചിലവു ചെയ്തത് പഞ്ചായത്ത് മന്ത്രാലയവും കേന്ദ്ര സര്‍ക്കാരും പ്രസിദ്ധീകരിച്ച നിഷേധ പട്ടികയില്‍ ഉള്‍പ്പെട്ട പദ്ധതികള്‍ക്കായിരുന്നു. കൂടാതെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടപ്പാക്കലിനായി ലഭ്യമായ 3,475.25 കോടിയില്‍ 813.46 കോടി സംസ്ഥാനതല നോഡല്‍ ഏജന്‍സി, ദാരിദ്ര നിര്‍മാര്‍ജന യൂണിറ്റ്, കേരള സുസ്ഥിര നഗര വികസന പദ്ധതി എന്നിവയില്‍ മുടങ്ങി കിടക്കുന്നത് ഫണ്ട് നല്‍കിയ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ലക്ഷ്യത്തെ തന്നെ പരാജയപ്പെടുത്തുന്നതാണെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.
പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിലെ ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായുള്ള പദ്ധതികളുടെ നടപ്പാക്കലിലും വീഴ്ചയുണ്ടായി. ലഭിച്ച ഫണ്ട് പൂര്‍ണ്ണമായി വിനിയോഗിക്കുന്നതില്‍ പരാജയപ്പെട്ടത് കര-ജല മലിനീകരണത്തിനു കാരണമായി. ഇത്തരം സ്ഥാപനങ്ങള്‍ ഏറ്റെടുത്ത പ്രവൃത്തികള്‍ നിരീക്ഷിക്കുന്നതില്‍ ജില്ലാശുചിത്വ മിഷനുകള്‍ക്കും വീഴ്ചയുണ്ടായി. എഴുപതുശതമാനം തദ്ദേശസ്ഥാപനങ്ങളും പ്രവര്‍ത്തന ക്ഷമതയില്‍ പരാജയപ്പെട്ടു. ഫണ്ട് വിനിയോഗിക്കുന്നതിലുണ്ടായ കാലതാമസം മൂലം വായ്പാ കാലയളവു നീണ്ടതിനു പുറമേ 45.45 കോടി രൂപയുടെ വായ്പ നഷ്ടമാകുകയും ചെയ്തു.
ഓഡിറ്റിംഗിന് വിധേയമായ മുപ്പതു തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ ആകെ വകയിരുത്തലിന്റെ 52.12 ശതമാനം മാത്രമാണ് വിനിയോഗിക്കപ്പെട്ടത്. 2012-13 മുതല്‍ 2017 വരെ തെരഞ്ഞെടുത്ത തദ്ദേശ സ്ഥാപനങ്ങളില്‍ 351 പദ്ധതികളില്‍ 61 പദ്ധതികള്‍ മാത്രമാണ് പൂര്‍ണമായും നടപ്പിലാക്കിയതെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.