മലയാള സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന നടിമാരില്‍ ഒരാളാണ് പാര്‍വ്വതി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും വന്‍വിജയങ്ങളായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ടേക്ക് ഓഫിന്റെ വിജയത്തിനുശേഷം പുറത്തുവന്ന അഭിമുഖങ്ങളില്‍ മലയാള സിനിമയിലെ ചില മോശം പ്രവണതകളെക്കുറിച്ച് പാര്‍വ്വതി തുറന്നുപറഞ്ഞിരുന്നു. അതിനിടെയാണ് പാര്‍വ്വതിയുടെ പ്രതിഫലം കൂട്ടിയെന്നും ഒരു കോടി രൂപയായെന്നും ചില ഓണ്‍ലൈനുകളില്‍ വാര്‍ത്ത വന്നത്. എന്നാല്‍ ഇതിനെതിരെ പൊട്ടിത്തെറിച്ച് പാര്‍വ്വതി രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പാര്‍വ്വതി എല്ലാം വ്യക്തമാക്കുകയായിരുന്നു.

ഒരു മാധ്യമത്തിനും തന്റെ പ്രതിഫലത്തെ സംബന്ധിച്ചുള്ള സൂചന നല്‍കിയിട്ടില്ലെന്ന് നടി പറഞ്ഞു. അങ്ങനെ ചോദിച്ച് ആരും തന്നെ വിളിച്ചിട്ടില്ല. എന്നിട്ടും ചില മാധ്യമങ്ങള്‍ തന്നോട് ചോദിക്കാതെ വാര്‍ത്ത നല്‍കിയെന്ന് വാര്‍ത്താ മാധ്യമങ്ങളുടെ പേരെടുത്ത് പറയുകയായിരുന്നു പാര്‍വ്വതി. യാതൊരു വിവരങ്ങളും അന്വേഷിക്കാതെ വാര്‍ത്ത നല്‍കുന്നതാണോ മാധ്യമധര്‍മ്മം?എവിടെ നിന്നോ കിട്ടിയ വിവിരങ്ങള്‍ അനുസരിച്ച് വാര്‍ത്തകള്‍ നല്‍കരുത്. താനാണ് തന്റെ പ്രതിഫലം തീരുമാനിക്കുന്നത്. അതിലേക്ക് ആരും ഇടപെടേണ്ടതില്ല. വാര്‍ത്ത നിരാശപ്പെടുത്തിയെന്നും പിന്‍വലിക്കണമെന്നും പാര്‍വ്വതി പറഞ്ഞു.

ടേക്ക് ഓഫിന്റെ വിജയത്തിനുശേഷം പാര്‍വ്വതി പ്രതിഫലം കൂട്ടിയെന്നാണ് വാര്‍ത്ത. ടേക്ക് ഓഫിന് 35ലക്ഷം വാങ്ങിയെന്നും അതിനുശേഷം ഒരു കോടിയാക്കി പ്രതിഫലം കൂട്ടിയെന്നും വാര്‍ത്തയിലുണ്ടായിരുന്നു.