കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ നടന്മാരായ സിദ്ദിഖ്, ഭാമ ഉള്‍പെടെയുള്ളവര്‍ കൂറു മാറിയതില്‍ പ്രതികരിച്ച് നടി പാര്‍വതി. സുഹൃത്തെന്ന് കരുതുന്നവര്‍ പോലും കൂറുമാറുന്നുവെന്നത് തന്നെ ഞെട്ടിക്കുന്നുവെന്ന് പാര്‍വതി പറഞ്ഞു. അതിജീവിച്ചവളുടെ പോരാട്ടം വിജയിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും പാര്‍വതി പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

ഫെയ്‌സ്ബുക് പോസ്റ്റ് മുഴുവന്‍ വായിക്കാം:

”അവള്‍ തല ഉയര്‍ത്തി നീതിക്കായി പോരാടുന്നത് ഞങ്ങള്‍ കണ്ടു. സാക്ഷികള്‍ എങ്ങനെയാണ് കൂറുമാറിയതെന്നത് എന്നെ ഞെട്ടിച്ചു. പ്രത്യേകിച്ച് സുഹൃത്തെന്ന് കരുതുന്നുവരുടെ മൊഴിമാറ്റം. അതിജീവിച്ചവളുടെ പോരാട്ടം വിജയിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവള്‍ക്കൊപ്പം നില്‍ക്കുന്നു” പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചു.

ഭാമയും സിദ്ദിഖും പ്രോസിക്യൂഷന് നല്‍കിയ മൊഴി തിരുത്തിയെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ രേവതിയും റിമ കല്ലിങ്കലും രമ്യാനമ്പിശനും ഉള്‍പെടെയുള്ളവര്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗോടെയായിരുന്നു ക്യാമ്പയിന്‍. എന്നാല്‍ സംഭവത്തില്‍ താരസംഘടനയായ അമ്മ ഇതുവരെ പ്രതികരിച്ചിട്ടില്ല.