മുംബൈ: വിജയ് ഹാസരെ ട്രോഫി ക്രിക്കറ്റില്‍ പത്താന്‍ സഹോദരന്മാരുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ ബറോഡയ്ക്ക് ജയം. അസമിനെ 92 റണ്‍സിനാണ് ബറോഡ തോല്‍പിച്ചത്. ബറോഡയ്ക്കായി കെ എച്ച് പാണ്ഡ്യ, യൂസഫ് പത്താന്‍, ഇര്‍ഫാന്‍ പത്താന്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ബറോഡ ഇന്നിംഗ്‌സിന്റെ നിര്‍ണായ ഘട്ടത്തില്‍ 81 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്താനും ഇരുവര്‍ക്കും ആയി. ആദ്യം ബാറ്റ് ചെയ്ത ബറോഡ ബാറ്റിംഗ് ദുഷ്‌ക്കരമായ പിച്ചില്‍ അന്‍പത് ഓവറില്‍ 233 റണ്‍സാണ് സ്വന്തമാക്കിയത്. കുനാല്‍ പാണ്ഡ്യ 72ഉം യൂസഫ് പത്താന്‍ 71ഉം ഇര്‍ഫാന്‍ പത്താന്‍ പുറത്താകാതെ 50 റണ്‍സും സ്വന്തമാക്കി. ആറ് ഫോറും രണ്ട് സിക്‌സും സഹിതമാണ് യൂസഫിന്റെ ബാറ്റിംഗ്. ഇര്‍ഫാന്റേതാകട്ടെ നാല് ഫോറും രണ്ട് സിക്‌സും സഹിതമാണ് 50 റണ്ഡസെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങി അസ്സം കേവലം 141 റണ്‍സിന് പുറത്താകുകയായിരുന്നു. കുനാല്‍ പാണ്ഡ്യ 20 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റും വീഴ്്ത്തിയപ്പോള്‍ ഇര്‍ഫാന്‍ ആറ് ഓവറില്‍ 13 റണ്‍സ്് വഴങ്ങി ഒരു വിക്കറ്റും സ്വന്തം പേരില്‍ കുറിച്ചു.

അതെ സമയം രോഹിത്ത് ശര്‍മ്മയുടെ തിരിച്ചുവരവ് മത്സരം എന്ന നിലയില്‍ ശ്രദ്ധേയമായ മുംബൈ-ആന്ധ്ര പോരാട്ടത്തില്‍ മുംബൈ 43 റണ്‍സിന് വിജയിച്ചു. രോഹിത്ത് ശര്‍മ്മ 16 റണ്‍സെടുത്ത് പുറത്തായി. 33 പന്തില്‍ രണ്ട് ബൗണ്ടറി സഹിതമാണ് മൂന്ന് മാസത്തിനിപ്പുറത്തെ ആദ്യ മത്സരം ശര്‍മ്മ അവസാനിപ്പിച്ചാത്. മുംബൈയ്ക്കായി താരെയും ലാഡും അര്‍ധ സെഞ്ച്വറി നേടി. സ്‌കോര്‍ മുംബൈ: 231/8 ആന്ധ്ര: 188.